ബലിപെരുന്നാൾ നല്‍കുന്നത് സമർപ്പണത്തിന്‍റെ സന്ദേശം വിസ്ഡം

Kozhikode

കോഴിക്കോട് : സമർപ്പണത്തിൻ്റെയും, ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് എന്നിവർ ഈദ് സന്ദേശത്തിൽ പറഞ്ഞു

സാമൂഹിക ജീർണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാൾ വിശ്വാസി സമൂഹത്തിന് പകർന്ന് നൽകുന്നത്.

തിന്മകളോട് പ്രതികരിക്കാതിരിക്കുകയും, നന്മക്ക് വേണ്ടി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല. ഇത് സ്രഷ്ടാവിൻ്റെ പരീക്ഷണങ്ങൾക്ക് കാരണമാകുമെന്നത് നാം മനസ്സിലാക്കണം.

ഏകദൈവ വിശ്വാസമാണ് ഇസ്ലാമിൻ്റെ മൗലികത. വിശ്വാസ രംഗത്തെ ജീർണ്ണതകൾ ഗൗരവമായി കാണുകയും, വിമലീകരണം ലക്ഷ്യമായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും ബാദ്ധ്യതയാണെന്നത് നാം വിസ്മരിക്കരുത്

സ്നേഹവും, സഹവർത്വി ത്തവും, പങ്കുവെക്കലും സാമൂഹിക ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാകണം. മതത്തിൻ്റെയോ, രാജ്യത്തിൻ്റേയോ, വർണ്ണങ്ങളുടേയോ പേരിൽ മനുഷ്യരോട് വിദ്വേഷം വെച്ച് പുലർത്തുവാനോ, അവരോട് അനീതി കാണിക്കുവാനോ പാടില്ലെന്നതാണ് ഹജ്ജ് നൽകുന്ന മാനവിക സന്ദേശമെന്നും അവർ കൂട്ടിച്ചേർത്തു.

സാഹോദര്യവും, സൗഹാർദ്ദവും രാജ്യത്ത് വീണ്ടെടുക്കാൻ ഓരോരുത്തരും പരിശ്രമിക്കണം. മുതിർന്നവരോട് ആദരവ് കാണിക്കുകയും, അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടത് യുവ സമൂഹത്തിൻ്റെ മൗലികമായ കടമയാണെന്നത് വിസ്മരിക്കരുത്.

സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറുകയും, അവരുടെ സുരക്ഷക്കായി നിലക്കൊള്ളുകയും ചെയ്യുക എന്നത് നമ്മുടെ ചുമതലയാണെന്നതും വിസ്മരിക്കരുത്

നിരപരാധികളായ പാലസ്തീൻ ജനതക്ക് മേൽ ഇസ്രാഈൽ നടത്തുന്ന അതിക്രമങ്ങൾ തുടരുന്നത് അപലപനീയമാണ്. കേട്ടുകേൾവി പോലുമില്ലാത്ത വിധം യുദ്ധ മര്യാദകൾ ലംഘിച്ചും, അഭയാർഥി ക്യാംപുകൾക്ക് നേരെ യുദ്ധം ചെയ്തും നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കാൻ ഇസ്രാഈലിന് മേൽ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും ഭാരവാഹികൾ ഈദ് സന്ദേശത്തിൽ പറഞ്ഞു.

കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരാനും, അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും ഈദ് ദിനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.ദുരന്തത്തിൽപ്പെട്ടവർക്ക് അർഹമായ ആനുകൂല്യങ്ങളും, ആശ്രിതർക്ക് തൊഴിലും ഉറപ്പാക്കുവാൻ സർക്കാർ ജാഗ്രത പാലിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു