രാജ്യത്ത് നടക്കുന്നത് കള്ളന്മാരുടെ ഫെഡറലിസം

Articles

വിപൽ സന്ദേശം/ സി ആർ പരമേശ്വരൻ

കേന്ദ്രത്തിലെ സംഘപരിവാറും കേരളത്തിലെ സി പി എമ്മും ഏതാണ്ട് ഒരേ മാതൃകയിൽ, പക പോക്കുവാനും തങ്ങൾക്ക് അനുകൂലമായി മെരുക്കുവാനും ഉന്നം വയ്ക്കുന്ന ശത്രുപക്ഷത്തുള്ള രാഷ്ട്രീയ അഴിമതിക്കാർ ശരിക്കും അഴിമതിക്കാർ തന്നെ ആണോ?

99 ശതമാനവും അതെ. അവർ അഴിമതിക്കാർ തന്നെ ആണ്.

അഴിമതിക്കെതിരെ നീങ്ങുന്നു എന്ന് നടിക്കുന്ന കേന്ദ്രത്തിലെ സംഘപരിവാറും കേരളത്തിലെ സിപിഎമ്മും മറ്റുള്ളവർക്കെതിരെ ശിക്ഷാനടപടികൾ എടുക്കാൻ തക്ക ധാർമ്മികത ഉള്ളവരാണോ?അഴിമതിരഹിതരാണോ?

അല്ല.നൂറല്ല, നൂറ്റമ്പത് ശതമാനവും അധാർമ്മികർ ആണവർ.അഴിമതിക്കാരുമാണവർ.

എന്താണ് അവരുടെ മുഖ്യ അധാർമ്മികത?

Selective നീതിയാണ് അവർ നടപ്പാക്കുന്നത്. അവരുടെ ആയിരക്കണക്കിന് സ്വന്തം കുറ്റവാളികളെ,അത് അദാനി ആയാലും ബ്രിജ്ഭൂഷൻ ആയാലും ആർഷോ ആയാലും വിദ്യ ആയാലും,അവർ തൊടുകയില്ല. ബിജെപി യിലേക്ക് കൂറുമാറിയ അശോക് ചവാനെ പോലുള്ള മറ്റു പാർട്ടികളിൽ നിന്നു വന്ന അഴിമതിക്കാരേയും ഏതോ ദുരൂഹമായ ക്രോണി മുതലാളിത്ത ചങ്ങലയാൽ കണ്ണിചേർക്കപ്പെട്ട അജിത് പവാറിനെയും ജഗൻമോഹൻ റെഡ്ഢിയെയും പിണറായിയെയും സംഘപരിവാർ തൊടുകയില്ല.

ദാനി

പ്രത്യുപകാരം പോലെ കൊടകര കള്ളപ്പണക്കേസും കൈക്കൂലി കേസും അടക്കം ഉള്ളവയിൽ പെട്ട കെ. സുരേന്ദ്രനെ സി. പി. എമ്മും തൊടുകയില്ല.കമ്മികൾ എപ്പോഴും അർദ്ധബാന്ധവത്തിൽ ഉള്ള മുസ്ലിം ലീഗിലെ പാലാരിവട്ടം ഫെയിം ഇബ്രാഹിം കുഞ്ഞിനെ ആരും തൊടുകയില്ല.

ബ്രിജ് ഭൂഷൻ

ഏറ്റവും വലിയ അധാർമികത തങ്ങളുടെ അധീനത്തിൽ ഉള്ള, നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട,അന്വേഷണ ഏജൻസികളെയും പോലീസിനെയും വിശ്വസനീയത നഷ്ടപ്പെടുത്തി ഇക്കൂട്ടർ പാർട്ടിഗുണ്ടകളുടെ നിലവാരത്തിലേക്ക് തരം താഴ്ത്തി എന്നതാണ്. നീതിന്യായവ്യവസ്ഥയെയും ബ്യൂറോക്രസിയെയും വേലക്കാരുടെ നിലവാരത്തിലേക്കും.

സ്റ്റാലിൻ

ഇന്ത്യയിൽ ഇന്ന് നിലവിൽ ഉള്ള തെരഞ്ഞെടുപ്പ് രീതി അനുസരിച്ച് സാമ്പത്തികശക്തികൾ നൽകുന്ന കള്ളപ്പണം ഇല്ലാതെ ഒരു രാഷ്ട്രീയക്കാരനും മത്സരിക്കാനാവില്ല.ഇത് സമൂഹത്തിൽ അവശ്യാധിഷ്ഠിത അഴിമതിയും ആർത്തിയിൽ അധിഷ്ഠിതമായ അഴിമതിയും സൃഷ്ടിക്കുന്നു .

മുൻപറഞ്ഞ അവശ്യാധിഷ്ഠിതഅഴിമതിയെങ്കിലും നടത്താതെ ഇന്നത്തെ തിരഞ്ഞെടുപ്പ് രംഗത്ത് ഗാന്ധിജിക്ക് പോലും മത്സരിക്കാൻ ആവില്ല.അഴിമതി അവശ്യാധിഷ്ഠിതമായാലും ആർത്തിയിൽ അധിഷ്ഠിതമായാലും നിയമത്തിന്റെ കണ്ണിൽ അഴിമതി ആണല്ലോ. അങ്ങനെയാണ് മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള തിടുക്കത്തിൽ , ഒരു പക്ഷെ ,അവശ്യാധിഷ്ഠിതഅഴിമതി നടത്തിയ AAP യെ കുടുക്കാൻ അദാനി എന്ന ഒരൊറ്റ ബ്രാൻഡ് കൊണ്ട് മാത്രം തന്നെ ആർത്തിയിൽ അധിഷ്ഠിതമായ അഴിമതിയുടെ ഉസ്താദുമാർ ആയ സംഘപരിവാറിന് കഴിയുന്നത്.

അങ്ങനെയാണ് ലാവ്‌ലിൻ, സ്വർണ്ണക്കടത്ത്, ഹവാല എന്നീ വമ്പൻ ആർത്തി അധിഷ്ഠിത അഴിമതി ആരോപിക്കപ്പെടുന്ന സി. പി. എമ്മിന് അവശ്യാധിഷ്ഠിത അഴിമതിയും ആർത്തിയിൽ അധിഷ്ഠിതമായ അഴിമതിയും ചെയ്ത് ഉളുപ്പ് തീർന്ന കോൺഗ്രസുകാരെ കുടുക്കാൻ എളുപ്പത്തിൽ കഴിയുന്നത്.

പിണറായി വിജയന്‍

ഏറ്റവും നിരാശാജനകമായ വിചിത്രദൃശ്യം ഒരു പതിറ്റാണ്ട് മുൻപ് വലിയ ആഘോഷത്തോടെ അഴിമതിക്കെതിരെ കുരിശുയുദ്ധം തുടങ്ങിയ കെജ്‌രിവാൾ മോദിയുടെ മുഷ്ടിക്കുള്ളിൽ കഴുത്ത് പെട്ട് അഴിമതി വീരന്മാരായ ചന്ദ്രശേഖരറാവുവിന്റെയും സ്റ്റാലിന്റെയും പിണറായിയുടെയും നേർക്ക് സഖ്യത്തിനായി കൈനീട്ടുന്നതാണ്.

ജഗ് മോഹന്‍ റെഡ്ഡി

ഇന്ത്യയിൽ ഇന്ന് എന്തെങ്കിലും ഫെഡറലിസം നിലനിൽക്കുന്നുണ്ടെങ്കിൽ അത് കള്ളന്മാരുടെ ഫെഡറലിസം ആണ്.

കെ സുരേന്ദ്രന്‍

രാജ്യം ഭരിക്കുന്ന സംഘപരിവാർ അഴിമതിയുടെ ചക്രവർത്തിമാർ ആണെങ്കിൽ സംസ്ഥാനങ്ങൾ ഭരിക്കുന്നത് അഴിമതിയുടെ രാജാക്കന്മാർ ആണ്.
അധാർമ്മികതയും അധാർമ്മികതകളും തമ്മിൽ ഉള്ള ഈ യുദ്ധങ്ങൾ അടുത്ത ഒരു ഘട്ടത്തിൽ അക്ഷരാർത്ഥത്തിൽ ഉള്ള യുദ്ധങ്ങൾ തന്നെ ആയി പരിണമിക്കാം. പരസ്പരസംഘട്ടനങ്ങൾക്കായി കേന്ദ്രഏജൻസികളും സംസ്ഥാന പോലീസും പാർട്ടിഗുണ്ടകളും ഒടുവിൽ പട്ടാളവും വരെ തെരുവിൽ ഉപയോഗിക്കപ്പെട്ടേക്കാം. അധാർമ്മികരായ ഭരണാധികാരികൾ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്കും ശിഥിലീകരണത്തിലേക്കും നയിക്കുന്നത് ഇങ്ങനെയാണ്.തമിഴ് നാടും ബംഗാളും നൽകുന്ന സൂചന അതാണ്.

ചന്ദ്രശേഖര റാവു

ഈ അവസ്ഥ ഒഴിവാകണമെങ്കിൽ, കക്ഷിവിധേയതക്കപ്പുറം അഴിമതിരാഹിത്യവും നിയമവാഴ്ചയും ആവശ്യപ്പെടുന്ന, സാംസ്‌കാരികവിപ്ലവത്തിലൂടെ കടന്നു വന്ന, മൂല്യബോധമുള്ള ഒരു ജനത ഉണ്ടാവണം. ഇന്ന് അതില്ല.ഉടനെ അത്തരം ഒരു സാധ്യതയും ഇല്ല.