ചലച്ചിത്ര ഗാന രചയിതാവ് രജനീഷ് ആർ ചന്ദ്രനെ ആദരിച്ചു

Thiruvananthapuram

തിരുവനന്തപുരം: ചലച്ചിത്ര ഗാനരചനാ പ്രവേശനത്തിന് കവിയും ചലച്ചിത്ര ഗാനരചയിതാവും അധ്യാപകനുമായ രജനീഷ് ആർ ചന്ദ്രന് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആദരവ്.

പ്രമുഖ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ്റെ പ്രോഗ്രാം കോർഡിനേറ്ററും ആയ കല്ലിയൂർശശി പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു.

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പ്രസിഡൻ്റ് പ്രിയപ്പെട്ട ജയശേഖരൻ, ജനറൽ സെക്രട്ടറി സി.ശിവൻകുട്ടി, പ്രമുഖ അവതാരക രാജേശ്വരി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. രജനീഷ് ഗാനം ആദ്യമായി വെള്ളിത്തിരയിലെത്തിയത് കോവിഡ് കാലത്തെ യാത്രാദുരിതങ്ങൾ കലാചാതുരിയോടെ വരച്ചുകാട്ടിയ “റൂട്ട് മാപ് ” എന്ന ചിത്രത്തിലൂടെയാണ്.

2009 -ൽ സ്വന്തം നാട്ടിലെ ക്ഷേത്രമായ കരിങ്ങൽ തൊട്ടിക്കര ശ്രീ ഭദ്രകാളി ദേവിയെക്കുറിച്ചൊരുക്കിയ “അക്ഷരപൂജ” എന്ന ആൽബത്തിൽ പതിനൊന്ന് പാട്ടുകൾ രചിച്ചു കൊണ്ടാണ് ഗാനരചനാ മേഖലയിലേക്ക് കടന്നത്. തുടർന്ന് പത്തോളം ആൽബങ്ങളിലായി അൻപതോളം പാട്ടുകൾ രചിച്ചു.

2019 ജൂണിൽ പ്രഥമ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ഗാനരചനാ മത്സരത്തിൽ മികച്ച ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്ര മേഖലയെ കൂടുതൽ ഗൗരവത്തോടെ സമീപിക്കാൻ തുടങ്ങി. താൻ ഏറെ ആരാധിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പത്താമത് ഓർമ്മ ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു പുറത്തു വന്ന “പാതിയിൽ മുറിഞ്ഞൊരു പാട്ടു പോലെ” എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി.

2018 ൽ പേരിടാത്ത ഒരു ചിത്രത്തിന് വേണ്ടി രജനീഷ് “നീലനിലാവെരിയുന്ന താഴ്‌വരയിൽ” , “വഴിവക്കിൽ ചൂടു നെയ്ദോശ”, എന്നീ ഗാനങ്ങൾ റെക്കോർഡ് ചെയ്തെങ്കിലും ചിത്രം റിലീസായില്ല.

2021 -ൽ റൂട്ട് മാപ്പ് എന്ന ചിത്രത്തിലെ “ലോക് ഡൗൺ അവസ്ഥകൾ ” എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര ഗാനരചയിതാവായി രജനീഷ് അരങ്ങേറ്റം കുറിച്ചു.

എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദധാരിയും കോളേജ് അധ്യാപകനുമായ അദ്ദേഹം രചിച്ച മൂന്ന് പാഠ്യ ഗ്രന്ഥങ്ങൾ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് മുതൽകൂട്ടായി മാറി.

നേഴ്സിംഗ്അദ്ധ്യാപിക വീണയാണ് ഭാര്യ. രണ്ടു മക്കൾ വരദീഷും, വൈഖേഷും. തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം കണ്ടലയാണ് രജനീഷിൻ്റെ സ്വദേശം.