വാക്ശരം / ടി കെ ഇബ്രാഹിം
ഈ കുറിപ്പുകാരന്റെ പ്രിയ മിത്രങ്ങള്‍ സൂപ്പിയും വേണുവും പറയുന്നു അവര്‍ യുദ്ധ ചിത്രങ്ങളില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും കഴിവതും മാറിനില്‍ക്കുന്നു എന്ന്. ഭാഗ്യവാന്മാര്‍. ഇതെഴുതുന്നയാളാകട്ടെ ഒളിച്ചോടാനാഗ്രഹിച്ചാലും പാതിവഴിയില്‍ തടഞ്ഞുവീഴുന്നു. ദുഃസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണര്‍ന്നും, സ്വാസ്ഥ്യം നഷ്ടപ്പെട്ടും, രോഷവും ദുഖവും കുറിപ്പുകളിലൂടെ പങ്കു വെച്ചും, മുറിവേറ്റു ചോര ചീറ്റുന്ന യാഥാര്‍ത്ത്യങ്ങളില്‍ ഒരിടിമയെ പോലെ ബന്ധിതനാണ്.
ആഗ്രഹിച്ചാലും ഒളിച്ചോടാനാവാത്തവിധം നിസ്സഹായാവസ്ഥയില്‍ ! എന്നു തീരും ഈ കുഞ്ഞുങ്ങളുടെ കുരുതിയെന്നറിയില്ല. UN തുടങ്ങിയ അന്താരാഷ്ട്ര സംവിധാനങ്ങളും സമൂഹവും, അറബു ലോകവും, ഭൂമിയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന സാമ്രാജ്യത്വശക്തികളും ഒരു മഹാദുരന്തത്തിന്റെ നീളുന്ന ആവര്‍ത്തനുവായി സമരസപ്പെട്ട മട്ടുണ്ട്.
മീഡിയകളുടെ തലക്കെട്ടില്‍ നിന്നും യുദ്ധ വാര്‍ത്തകള്‍ പതിയെ പിന്നാമ്പുറത്തേക്കു മറഞ്ഞു. ഏതു മനുഷ്യക്കുരുതിയെയും ഒരറവുകാരന്റെ നിസ്സംഗതയോടെ ബീഡിപ്പുകയിലൂടെ കാണാമെന്നായിരിക്കുന്നു ഭൂരിപക്ഷ മനസ്സ്. തിരഞ്ഞെടുപ്പരികിലേക്കണയുമ്പോള്‍ ത്രാസിന്റെ തൂലനം ശരിയാക്കാന്‍ പലസ്തീനെ പുല്‍കുന്നു ചിലര്‍.
ലാഭനഷ്ടങ്ങളുടെ തിരഞ്ഞെടുപ്പു കണക്കില്‍ കുരുന്നുചോരയ്ക്കും തന്നാലായത്. മലയാളിക്ക് യുദ്ധം സ്‌കൂള്‍ ക്ലാസില്‍ പണ്ടെന്നോപഠിച്ചു മറന്ന സാമൂഹ്യ പാഠത്തില്‍ നിന്നുമുള്ള ഭാഗം മാത്രം, ശേഷം പുരാണേതിഹാസങ്ങളിലെ രാമ രാവണ ദേവാസുര യുദ്ധങ്ങളും. ഒരു യുദ്ധത്തിന്റെ കൊടും ചൂടേല്‍ക്കാന്‍ ഭൂമിശാസ്ത്ര കാരണങ്ങളാല്‍ മലയാളിയ്ക്കു’ഭാഗ്യ’മുണ്ടായിട്ടില്ല. ആയതിനാല്‍ അകലെ, ഉക്രൈനിലോ ഗസയിലോ പലസ്തീനിലോ ഉയരുന്ന നിരാലംബ ശിശുവിലാപങ്ങള്‍ക്ക് കാതുപൊത്തി നാം കേരളീയവും മാനവീയവും കളിക്കുന്നു.
ചിത്രത്തിലെ കുഞ്ഞുമോളുടെ മുഖം എന്റെ ചെറുമകളുടെ അതേമുഖം. അവളുടെ മുഖത്തെ പുകഞ്ഞു നീറുന്ന മുറിവുകള്‍ ഈ രാത്രിയും ദു:സ്വപ്നങ്ങളായി എന്നെ വേട്ടയാടാന്‍ കാത്തിരിക്കുന്ന പേക്കിനാവിലെരക്ത ബിന്ദുക്കള്‍.