ലഭ്യമായ ജീവിതത്തില്‍ സംതൃപ്തിയുള്ളവനാണ് സന്തോഷം ആസ്വദിക്കുക, അത്യാഗ്രഹി വിശ്രമമില്ലാതെ അവിടെയും ഇവിടെയും ഓടിനടക്കും

Articles

വി ആർ അജിത് കുമാർ

ചാണക്യ നീതി
ഭാഗം 04

2.42
ബന്ധങ്ങളുടെ ചങ്ങലയുള്ളവന്‍ എന്നും ഭയന്നവനായി ജീവിക്കും. സ്വന്തമെന്നു കരുതുന്ന വ്യക്തികളോടും വസ്തുക്കളോടുമുള്ള അമിതസ്നേഹം ദു:ഖം നിറച്ച പാനപാത്രമാണ്. ബന്ധങ്ങളാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണം. ലൌകിക ബന്ധത്തില്‍ നിന്നും മോചിതനാകുന്ന ആള്‍ക്ക് സന്തോഷം ലഭിക്കും.
2.43
നല്ല പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നവന്‍ പുണ്യം ആര്‍ജ്ജിക്കുന്നു. അവനില്‍ നിന്നും ദുഷ്ടചിന്തകള്‍ ഒഴിവാകും. നല്ല പ്രഭാഷണങ്ങള്‍ ഒരുവന് അറിവും മോക്ഷവും പകര്‍ന്നു നല്‍കും.
2.44
ഭക്തി പ്രഭാഷണം കേള്‍ക്കുമ്പോഴും രോഗബാധിതനായിരിക്കുമ്പോഴും ശവദാഹത്തില്‍ പങ്കെടുക്കുമ്പോഴും നമ്മുടെ മനസില്‍ ദൈവമുണ്ടാകും. ആ ചിന്ത നിലനിര്‍ത്തുന്നവന് മോക്ഷവും ലഭിക്കും.
2.45
ദരിദ്രന്‍ സമ്പത്ത് മോഹിക്കുന്നു, മൃഗങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, മനുഷ്യര്‍ സ്വര്‍ഗ്ഗം മോഹിക്കുന്നു, എന്നാല്‍ ദൈവഭക്തന്‍ മോക്ഷം കാംക്ഷിക്കുന്നു.
2.46
മോക്ഷം വേണമെന്നുള്ളവര്‍ ആനന്ദം നല്‍കുന്ന എല്ലാ വസ്തുക്കളും വിഷം എന്നമട്ടില്‍ ത്യജിക്കണം. പകരം ക്ഷമ, കാരുണ്യം,മനശുദ്ധി, സത്യസന്ധത എന്നിവയെ തേന്‍ എന്നവണ്ണം ആസ്വദിക്കണം.
2.47
ഹൃദയത്തിൽ സഹജീവികളോടുള്ള സ്നേഹം ജ്വലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നുവന്‍റെ കഷ്ടതകൾ അപ്രത്യക്ഷമാവുകയും അവന്‍റെ എല്ലാ മുന്നേറ്റങ്ങളിലും വിജയം ഉണ്ടാവുകയും ചെയ്യും.
2.48
ഭൗതിക ശരീരം നശ്വരമാണ്, സമ്പത്ത് ശാശ്വതമായി നിലനിൽക്കില്ല, മരണം എപ്പോഴും ഒരാളുടെ തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്നു. അതിനാൽ, കർത്തവ്യതയോടെ, ധാര്‍മ്മിക കര്‍മ്മങ്ങള്‍ ചെയ്ത് ജീവിക്കുക.
2.49
രത്നങ്ങൾ നിറഞ്ഞ സമുദ്രം പിതാവും ഐശ്വര്യത്തിന്‍റെ പ്രതീകമായ ലക്ഷ്മി സഹോദരിയുമായിട്ടും സമുദ്രത്തില്‍ പിറന്ന ശംഖിന് യാചിച്ചുനടക്കാനാണ് യോഗം. മറ്റുള്ളവര്‍ക്ക് കൊടുക്കാതെ നമുക്കൊന്നും നേടാന്‍ കഴിയില്ല.
(വിലപിടിപ്പുള്ള മുത്ത് ജന്മമെടുക്കുന്നത് ശംഖിനുള്ളിലാണെങ്കിലും അവന്‍ അതാര്‍ക്കും നല്‍കാറില്ല. തന്‍റെ നിധി മറ്റുള്ളവരുമായി പങ്കുവയ്ക്കാത്തതുകൊണ്ടാണ് സന്ന്യാസിമാരുടെ ഭിക്ഷാപാത്രമായി ശംഖ് മാറിയത് എന്ന ഉപമയാണ് ചാണക്യന് നല്‍കുന്നത്.)
2.50
സത്യം എന്‍റെ അമ്മയാണ്, അറിവ് പിതാവും ധർമ്മം സഹോദരനുമാണ്. അനുകമ്പയാണ് എന്‍റെ സുഹൃത്ത്, സമാധാനം ഭാര്യയും ക്ഷമ മകനുമാണ്. ഈ ആറുപേരേയും ഞാൻ നെഞ്ചോട് ചേര്‍ത്ത് സൂക്ഷിക്കുന്നു.