വിപൽ സന്ദേശം / സി ആർ പരമേശ്വരൻ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തനായ മലയാളി ആരാണ്? ആർക്കും സംശയമില്ല. നാരായണ ഗുരു തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തുടങ്ങുന്ന കേരള നവോത്ഥാനചരിത്രത്തിലെ ഏറ്റവും ശക്തനായ പ്രതിനിധിയായിരുന്നു ഗുരു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ സാമൂഹ്യപ്രവർത്തനം ആരംഭിച്ച ഡോക്ടർ പൽപ്പുവും കുമാരനാശാനും മുതൽ 1960 കളിലെ നക്സലൈറ്റുകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് മഹാന്മാരെ ആ വ്യക്തിപ്രഭാവം പ്രത്യക്ഷമായോ പരോക്ഷമായോ സൃഷ്ടിച്ചു എന്നു പറയാം. ആ ആയിരങ്ങളിൽ ത്യാഗികൾ ആയിരുന്ന ദേശീയസമര നേതാക്കൾ, കേരളമെന്ന പട്ടിണിക്കൂട്ടിൽ സുപ്തമായിരുന്ന രോഷത്തിന്റെ വെടിമരുന്നിന് തീകൊടുത്ത ആദ്യകാല കമ്മ്യൂണിസ്റ്റുകാർ, സാമുദായിക പരിഷ്കർത്താക്കൾ,റൊമാന്റിക് -റിയലിസ്റ്റ് -നിയോ റിയലിസ്റ്റ് ഘട്ടത്തിലെ വലിയ എഴുത്തുകാർ, കെ. പി. എ.സി പോലുള്ള നാടക സംഘങ്ങൾ , സമത്വ സങ്കല്പം പ്രചരിപ്പിച്ച നൂറുകണക്കിന് കഥാപ്രാസംഗികർ , ഗ്രാമ ഗ്രാമാന്തരങ്ങളിൽ വായനശാലപ്രസ്ഥാനം വളർത്തിയവർ എന്നിങ്ങനെ നിരവധി നിരവധി പ്രതിനിധാനങ്ങൾ ഉൾപ്പെട്ടിരുന്നു. ആ മഹത്വത്തിന്റെ രേണുക്കൾ സ്പർശിച്ചില്ലായിരുന്നെങ്കിൽ നമ്മളാരും നമ്മളാകുമായിരുന്നില്ല. നമ്മളിൽ ആരിലും പുരോഗമനവാദത്തിന്റെ കണിക പോലും ഉണ്ടാകുമായിരുന്നില്ല.
അപ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തനായ മലയാളി ആരാണ്? എനിക്കൊരു സംശയവുമില്ല. പിണറായി വിജയൻ തന്നെ.
അദ്ദേഹം കേരളരാഷ്ട്രീയം പിടിച്ചെടുത്ത് തേർവാഴ്ച നടത്തി തുടങ്ങിയിട്ട് 20ലേറെ കൊല്ലമായി. ഈ 20 കൊല്ലം കൊണ്ട് അയാൾ നാരായണ ഗുരു തന്റെ പ്രത്യക്ഷ ജീവിതകാലവും പരോക്ഷപ്രഭാവം നില നിന്ന ചരമാനന്തരജീവിതകാലവും ഉൾപ്പെട്ട 80 കൊല്ലം കൊണ്ട് വെട്ടിയ സംസ്കാരത്തിന്റെയും സമത്വത്തിന്റെയും അവകാശ ബോധത്തിന്റെയും മതസാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴികൾ മുഴുവൻ വിഷക്കാടുകൾ വളർത്തി അത്തരം ഒരു പാത ഇല്ലെന്നാക്കി. ഭരണം നടത്തുന്ന കഴിഞ്ഞ എട്ടു വർഷം കൊണ്ട് കേരള സാമ്പത്തികരംഗം തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ നശിച്ചു. കേരള സംസ്കാരം മലീമസമായി.ശരിക്കും ‘ പിതൃഗമനം ‘ എന്ന കവിതയിൽ ആറ്റൂർ രവിവർമ്മ പറയുന്നതുപോലെ ‘ പകലേ നമ്മൾ വെട്ടിയ / നീളം മുഴുവനു-/ മൊരു വലിയാൽ പുറകോട്ടാക്കിയ ‘ ഒരു നാശകാരിമൂർത്തി.
ഗുരുവിന്റെ ശിഷ്യന്മാർ ഡോക്ടർ പൽപ്പുവിനെയും ആശാനെയും സ്വാമി സത്യവതനെയും പോലെ ഉള്ളവരായിരുന്നു എങ്കിൽ 21ആം നൂറ്റാണ്ടിലെ യുഗപുരുഷന്റെ ശിഷ്യന്മാർ കണ്ണൂരിലെ യമദൂതന്മാരും ഫാരിസ് അബുബക്കറിനെ പോലുള്ള അധോലോക നായകരും അശോകൻ ഗീബൽസിനെ പോലെയുള്ള എഴുത്തുകാരും അർഹിക്കാത്ത സ്ഥാനങ്ങളിലേക്ക് ഒക്കെ ഇടിച്ചുകയറുന്ന അച്ചികൾ ഉൾപ്പെടെയുള്ള കമ്മി-കമ്മിണികളും, മലയാളിസാധാരണക്കാരിൽ ഓരോ നിമിഷവും സർപ്പഭയം വളർത്തുന്ന പോഷകസംഘടന അണലികളും, കേരളത്തിന്റെ ഓരോ കോശത്തിലും അഴിമതിയും സ്വജനപക്ഷവാദവും ഹിംസയും വിതരണം ചെയ്യുന്ന സാമൂഹ്യവിരുദ്ധരും, സ്വദേശാഭിമാനിയുടെയും കേസരിയുടെയും പൈതൃകം വിറ്റുതിന്ന വാടക മാപ്രകളും ഒക്കെയാണ്.
നാരായണഗുരു ശങ്കരന്റെ അദ്വൈതത്തെ സാമൂഹികമായും മാനവികമായും മറിച്ചിട്ടായിരുന്നു കേരളമാകെ ഗുണപരമായി പടർത്തിയത് എങ്കിൽ ഇയാൾ ഒരു കൈ ജിഹാദിയുടെ കഴുത്തിലും മറുകൈ ഹിന്ദു മൗലികവാദികളുടെ കഴുത്തിലും പ്രീണനപൂർവ്വമിട്ട് മതഭ്രാന്ത് ഇളക്കിവിട്ടാണ് സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കുന്നത്. ഈ രണ്ടു വിഭാഗത്തിലും പെട്ട കാരണഭൂതസുഹൃത്തുക്കൾ എപ്പോഴും ട്രോളുകളായും ലേഖനങ്ങളായും സിനിമകളായും ചിലപ്പോൾ വടിവാളുകൾ ഉപയോഗിച്ചും ശബ്ദായമാനമായി കലഹിച്ചുകൊണ്ടിരിക്കും. ഈ കലഹാരവത്തിന്റെ മറപിടിച്ച് കൊള്ളസംഘം കവർച്ച ചെയ്തു കൊണ്ടിരിക്കും. സംഘപരിവാറുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി,തനിക്ക് ആവോളം അഴിമതികൾ കാട്ടാൻ കേന്ദ്രസംഘികളിൽ നിന്ന് ലഭിച്ചിട്ടുള്ള അനുവാദത്തിന് പകരമായി, ഇന്നേവരെ പാർലമെന്ററി രാഷ്ട്രീയത്തിൽ കാലെടുത്തു കുത്താൻ കഴിഞ്ഞിട്ടില്ലാത്ത സംഘപരിവാറിന് കമ്മ്യൂണിസ്റ്റ് വോട്ട് മറിച്ച് ഒരു പാർലമെന്റ് സീറ്റ് സംഭാവന ചെയ്തതിന് കേരളം രണ്ടാഴ്ച മുൻപ് സാക്ഷ്യം വഹിച്ചു.
ചുരുക്കത്തിൽ, കഴിഞ്ഞ നൂറ്റാണ്ടിൽ അരുവിപ്പുറത്തുനിന്ന് ആരംഭിച്ച നവോത്ഥാനത്തിന്റെ പവിത്രനദി ഇന്നൊരു വിശാലമായ മലിന തടാകത്തിൽ ആണ് വന്നു പതിച്ചിട്ടുള്ളത്. ഈ മലിനജലസംഭരണിയെ ഒരു സുരഭിലസരോവരമായി കണ്ട് അതിനുചുറ്റും കാറ്റുകൊള്ളാൻ ഇരിക്കുന്നവരിൽ കൊടി സുനിയെ പോലെയും ആകാശ് തില്ലങ്കേരിയെ പോലെയും ചെസ്റ്റ് നമ്പർ കൊടുക്കുന്ന നിലമ്പൂർഗുണ്ടയേയും പോലുള്ള ക്വട്ടേഷൻകാർ മാത്രമല്ല ഉള്ളത്. ക്രോണി മുതലാളിമാരും ദേശ -വിദേശ സാമ്പത്തിക കുറ്റവാളികളും മാത്രമല്ല ഉള്ളത്. നല്ലൊരു പങ്ക് ആത്മബോധം മറന്ന സാംസ്കാരിക നായകരും ഉണ്ട്.
ടിപി ചന്ദ്രശേഖരൻ വധം കഴിഞ്ഞപ്പോൾ ഞാൻ ‘ ഇല നക്കുന്ന, ചിറി നക്കുന്ന മൃഗശാസ്ത്രം ‘ എന്നപേരിൽ ഒരു കുറിപ്പ് എഴുതിയിരുന്നു. കോർപ്പറേറ്റുകളുടെ ഇല നക്കുന്നവരായ രാഷ്ട്രീയക്കാരുടെ ചിറിനക്കുന്ന സാഹിത്യകാരന്മാരെ കുറിച്ചായിരുന്നു ആ കുറിപ്പ്.പത്തിലേറെ കൊല്ലം കൊണ്ട് കാര്യങ്ങൾ കുറേക്കൂടി പുരോഗമിച്ചിരിക്കുന്നു. ഇലനക്കുന്നവരുടെ ചിറി നക്കുന്നവർ മാത്രമല്ല ഇന്നുള്ളത്. അപ്രകാരം ചിറി നക്കുന്നവരുടെ ചിറി നക്കുന്നവരും അവരുടെ ചിറി നക്കുന്നവരും ചേർന്ന് ഒരു അതിവിപുല ശൃംഖലയാണ് ഇന്ന് ഇടത് സാംസ്കാരിക പ്രപഞ്ചം . ഇവർക്ക് പത്തിരുപത് വർഷമായി, വിശിഷ്യാ കഴിഞ്ഞ ഏഴ് വർഷത്തിൽ നടന്നു പോരുന്ന വമ്പിച്ച അഴിമതികളെയും, ഹിംസകളെയും, സ്വജനപക്ഷപാദത്തെയും കുറിച്ചൊന്നും അറിയുകയേയില്ല എന്ന മട്ടാണ്. ഇവർക്ക് ലാവ്ലിനെ കുറിച്ച് അറിയില്ല, സ്പ്രിങ്‌ളർ ഡാറ്റ കച്ചവടം നടത്തിയത് അറിയില്ല, സ്വർണ്ണ കടത്തിനെ കുറിച്ച് അറിയില്ല, റിവേഴ്സ് ഹവാലയെ കുറിച്ച് അറിയില്ല, ഡിജിറ്റൽ തെളിവുകൾ ചുവരെഴുത്തുകൾ പോലെ കൺമുൻപിൽ ഉള്ള കരിമണൽ മാസപ്പടിയെ കുറിച്ച് അറിയില്ല, ഇപ്പോഴത്തെ മദ്യക്കോഴയെ കുറിച്ച് അറിയില്ല.വാളയാറിലേയും ഇടുക്കിയിലെയും ദലിത് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ടത് അറിയില്ല. സിദ്ധാർത്ഥൻ എന്ന യുവാവ് ഒരു സംഘം എസ്എഫ്ഐ ക്രിമിനലുകളാൽ കൊലചെയ്യപ്പെട്ടത് അറിയില്ല. കേരളത്തിൽഎപ്പോഴും,എല്ലായിടത്തും നിയമവാഴ്ച ഹിംസിക്കപ്പെടുന്നത് ഇവർ കാണുന്നില്ല. കൊള്ളയടിക്കപ്പെട്ട് കൊള്ളയടിക്കപ്പെട്ട് ഖജനാവിൽ ആശുപത്രികളിലേക്ക് മരുന്നു വാങ്ങാൻ പോലും കാശില്ല എന്ന സത്യം ഇവർ അറിയുന്നില്ല.
കാശ് കണ്ടാൽ ഇയാൾ എവിടെയും കയ്യിട്ടു വരും എന്നതുകൊണ്ട് കടുത്ത പിണറായിസ്റ്റ് പോലും പത്തു പൈസ ഇനി ദുരിതാശ്വാസനിധിയിലോ സഹകരണ ബാങ്കിലോനിക്ഷേപിക്കില്ല.എത്രയോ സംസ്കാരസമ്പന്നരായ പോലീസുകാരെ പരിചയപ്പെട്ടിട്ടുണ്ട്. പക്ഷേ പോലീസിനെ കുറിച്ചുള്ള പൊതുഇമേജ് സഖാക്കളുടെ ഗുണ്ടകൾ എന്നായി മാറി. ഒരുപക്ഷേ, ചരിത്രത്തിൽ ടിപ്പുസുൽത്താന്റെ മലബാർ- കൊച്ചി അധിനിവേശത്തിനുശേഷം സമൂഹത്തെ ഇത്രമേൽ അട്ടിമറിച്ച ഒരു ഭരണം ഉണ്ടായിട്ടില്ല. ടിപ്പുസുൽത്താന് പോലും തന്റെ രീതിയിലുള്ള ഒരു നിയമവാഴ്ചയും ജനക്ഷേമാകാംക്ഷയും ഉണ്ടായിരുന്നു..
നമ്മുടെ ഇടത് -ഇസ്ലാമിസ്റ്റ് സമൂഹത്തിൽ മുക്കാൽ പങ്കും മാർക്സിസത്തിലൂടെ കടന്നുവന്നവരാണ്. ബാക്കിയുള്ളവർ ഇസ്ലാമിസത്തിലൂടെ. മാർക്സിസത്തിന്റെ സത്ത തന്നെ സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള സാമ്പത്തിക വിചാരമാണ്. കേരളത്തിലെ അവസാന മാർക്സിസ്റ്റുകൾ ആയിരുന്ന നക്സലൈറ്റുകളുടെ ഏറ്റവും തിളങ്ങുന്ന താളുകളായി എനിക്ക് തോന്നിയിട്ടുള്ളത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ അഴിമതിക്കെതിരായ ജനകീയ വിചാരണയും വയനാട്ടിലെ കഴുത്തറപ്പൻ വട്ടിപ്പലിശക്കാർക്കെതിരായ വിചാരണകളും ആയിരുന്നു.പ്രവാചകന്റെ നിർദ്ദേശങ്ങളിലും സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയെ കുറിച്ച് ധാരാളം പറയുന്നുണ്ട് . എന്നാൽ ഇന്നത്തെ ഇസ്ലാമോ – ലെഫ്റ്റ് കൂട്ടത്തിലുള്ള മുൻ നക്സലുകൾ അടക്കമുള്ള ഇടതുകൾ ഒരിക്കലും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയില്ല . അവർ 365 ദിവസവും 24 മണിക്കൂറും’ മതം’,’മതം’,’മതം’ മാത്രം ചർച്ച ചെയ്യുന്നു. ഗ്രാമഗ്രാമാന്തരങ്ങളിൽ സാധാരണ ജനങ്ങൾക്ക് ധാരാളം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്. മാവോയിസ്റ്റുകൾ അടക്കമുള്ള ഇക്കൂട്ടർ ഒക്കെ അവയെക്കുറിച്ചൊന്നും ശ്രദ്ധിക്കാതെ ഇപ്പോൾ സദാസമയവും ഈ കൊതവിചാരണയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇസ്ലാമോ- ലെഫ്റ്റിസ്റ്റുകൾ ലോകത്തെങ്ങും ഉള്ള പൊളിറ്റിക്കൽ കറക്റ്റ്നെസ് സംഭരിച്ചു വച്ചിട്ടുള്ളവരാണ്. എന്നാൽ അവരുടെ ഏറ്റവും വലിയ പൊളിറ്റിക്കൽ കറക്റ്റ്നെസ് ‘പിണറായി വിജയൻ എന്തു കൊള്ള ചെയ്താലും ജനമർദ്ദനം നടത്തിയാലും അതേക്കുറിച്ച് അറിഞ്ഞിട്ടില്ല, കേട്ടിട്ടില്ല, പറയത്തുമില്ല ‘എന്നതാണ്. കെ -റെയിൽ സംരംഭത്തിനെതിരെ ജനസമ്മർദ്ദത്താൽ കുറച്ചുപേർ സംസാരിച്ചു എന്നത് ഒഴിച്ചാൽ സ്ഥിരം നിലപാട് ഇതാണ്. ഹിന്ദുത്വ ഫാസിസത്തിനോട് യുദ്ധം ചെയ്യുന്ന ഇടത് ഫാസിസ്റ്റുകളുടെ നടുനായകമായ അദ്ദേഹത്തെ നമ്മൾ കുറ്റപ്പെടുത്താമോ? ‘താങ്കൾ മോദിക്കെതിരായ ഞങ്ങളുടെ മഹായുദ്ധത്തെ തുരങ്കം വയ്ക്കുകയാണ്.’ എന്ന് അധിക്ഷേപിക്കും.ഇതാണ് ഇവരുടെ നിലപാട്.
അതേസമയം,ഇവരുടെ നടുനായകമായ നേതാവ് ഓരോ ഘട്ടത്തിലും സംരക്ഷിക്കപ്പെടുന്നത് ഫാസിസ്റ്റ് നായകനായ മോദിക്ക് ഇയാളോടുള്ള കരുതൽ കൊണ്ടാണെന്ന് അറിഞ്ഞതായി പോലും ഇവർ നടിക്കില്ല.തെരഞ്ഞെടുപ്പിന് തൊട്ട് മുൻപും, തെരഞ്ഞെടുപ്പ് ദിവസം പോലും ED ഐസക്കിനെ വിളിക്കുന്നു, വീണാവിജയനെ വിളിക്കുന്നു, കരുവന്നൂർ കള്ളന്മാരെ വിളിക്കുന്നു.എന്തായിരുന്നു, സംഘികളുടെ നീതി നിർവഹണം. ഇപ്പോൾ എല്ലാം നിലച്ചു. പ്രഹസനമൊക്കെ കഴിഞ്ഞു . ഞാൻ മുൻപ് പറഞ്ഞ പോലെ എല്ലാ നടന്മാരും ദീർഘകാല അവധിയിൽ പോയി.
എന്റെ ഒരു സുഹൃത്ത് ഒരു പ്രസിദ്ധ മാവോയിസ്റ്റിനോട് ‘വിജയന്റെ അഴിമതിയെ നിങ്ങളുടെ പാർട്ടി എന്തുകൊണ്ടാണ് എതിർക്കാത്തത്? ‘എന്ന് ചോദിച്ചപ്പോൾ,’ നമ്മൾ അയാളുടെ കൂടെ നിൽക്കണം. ഒന്നുമില്ലെങ്കിലും അയാൾ ഒരു കമ്മ്യൂണിസ്റ്റ് അല്ലേ?’ എന്നായിരുന്നത്രെ മറുപടി പറഞ്ഞത്. ഇയാളുടെ സഖാക്കൾ ആയിരുന്ന നിരായുധരായിരുന്ന 10 മാവോയിസ്റ്റുകളെ അല്ലേ ഈ ആരാധ്യന്റെ പോലീസ് വെടിവെച്ചു കൊന്നത്?കാരണഭൂതത്തെ കമ്മ്യൂണിസ്റ്റായി മനസ്സിലാക്കുന്ന ഇയാൾ എവിടെത്തെ മാവോയിസ്റ്റ് ആണ്? മാവോയിസ്റ്റ് വിപ്ലവ പ്രഹസന പ്രക്രിയക്കിടയിൽ പോലീസിന്റെ വെടികൊണ്ടോ അടികൊണ്ടോ ചാവുന്നതായിരുന്നില്ല ഇയാൾക്കൊക്കെ കൂടുതൽ ശ്രേയസ്ക്കരം?
ഇത്തരം കണ്ണിൽ ചോരയില്ലാത്ത ഒരു ഭരണകൂടത്തിന്റെ വൈതാളികർ ആണെങ്കിലും ഇടയ്ക്കിടെ, മഹാത്മാഗാന്ധിയെയും,അംബേദ്കറിനെയും അയ്യങ്കാളിയെയും, നാരായണ ഗുരുവിനെയും കുറിച്ചൊക്കെ പറഞ്ഞു വികാരമൂർഛ മൂലം ഇവരുടെയൊക്കെ കണ്ഠമിടറുകയും കണ്ണുനിറയുകയും ചെയ്യും.നാറ്റക്കേസുകൾ നിറഞ്ഞ വർത്തമാന കാലത്തെക്കുറിച്ച് പറയുന്നത് ഒഴിവാക്കാൻ ഇടയ്ക്കിടെ ഇവനൊക്കെ കുട്ടംകുളം സമരത്തിലേക്കും ഒഞ്ചിയത്തിലേക്കും കയ്യൂരേയ്ക്കും ഒക്കെ സമയയന്ത്രത്തിൽ കയറിപിന്നോട്ട് യാത്ര ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ദുഷ്പഭൂവിന്‍റെ ആശ്രിതന്മാരായ ഇവനൊക്കെ ഭൂതകാലത്തിലെ വലിയ സമരങ്ങളെ കുറിച്ചോ മഹാന്മാരായ ആളുകളെ കുറിച്ചോ ശബ്ദിക്കാൻ അർഹത ഉള്ളവരല്ല. ഇരട്ടത്താപ്പുകാർ ഗാന്ധിജിയെയൊ ഗുരുവിനെയോ ഭൂതകാലത്തെ ഏതെങ്കിലും മഹത്തായ വിമോചനസമരത്തെക്കുറിച്ചോ പരാമർശിച്ച് അവരെ / അവയെ അപമാനിച്ചാൽ അതു കുറ്റകരമാക്കി ഇക്കൂട്ടരെ എന്നെന്നേക്കുമായി ജയിലിൽ അടയ്ക്കാൻ പര്യാപ്തമായ ഒരു കരിനിയമം ഉണ്ടാക്കണമെന്നാണ് എന്റെ അഭിപ്രായം.