മൂപ്പൈനാട്: കാന്തംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നതോടെ ഇവിടേക്കെത്തുന്ന സഞ്ചാരികളുടേയും പ്രദേശവാസികളുടേയും യാത്ര ദുരിതത്തില്‍. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാര്‍ റോഡില്‍ വാഴനട്ടു. നിരവധി കാലമായി റോഡ് ശോച്യാവസ്ഥയിലായിട്ട്. പരിഹാരം കാണാത്ത നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ വാഴ നടല്‍ സമരം.
റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂപ്പൈനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ സ്ഥലം എം എല്‍ എ ടി സിദ്ധീഖിന് നിവേദനം നല്‍കി.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കാന്തംപാറ. ഇവിടേക്കുള്ള റോഡാണ് തകര്‍ന്ന് കാല്‍നട യാത്ര പോലും അസാധ്യമായ അവസ്ഥയിലായത്. നൂറുകണക്കിന് വാഹനങ്ങളാണ് ദിനേന ഈ റോഡിനെ ആശ്രയിക്കുന്നത്. ടൂറിസം വകുപ്പായിരുന്നു ഈ റോഡ് നിര്‍മ്മിച്ചിരുന്നത്. ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ നിന്നും ഡി ടി പി സിയെ സമീപിച്ചെങ്കിലും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രശ്‌നത്തില്‍ ഇടപെട്ട് അടിയന്തിരമായി പരിഹാരം കാണമെന്നും ആവശ്യപ്പെട്ടാണ് എം എല്‍ എയ്ക്ക് നിവേദനം നല്‍കിയതെന്നും ആര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.