കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സമ്മേളനം, നാടുണർത്തി വിളംബര ജാഥകൾ

Kozhikode

കോഴിക്കോട്: കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം നടന്ന വിളംബര ജാഥകൾ ജീവനക്കാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഏരിയാകമ്മറ്റികളുടെ നേതൃത്വത്തിൽ വാദ്യോപകരണങ്ങളുടേയും കലാരൂപങ്ങളുടേയും അകമ്പടിയോടെയാണ് ജീവനക്കാർ ജാഥയിൽ അണിനിരന്നത്.നഗരത്തിൽ വൈകിട്ട് അഞ്ച് മണിയ്ക്ക് ഇ.എം.എസ് സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച ജാഥ മുതലക്കുളത്ത് സമാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ജാഥയെ അഭിവാദ്യം ചെയ്തു.

ജില്ലയിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും വിളംബര ജാഥകൾ നടന്നു‌. താമരശ്ശേരിയിൽ നടന്ന വിളംബര ജാഥ കാരാടിയിൽ നിന്നും ആരംഭിച്ച് പഴയ ബസ് സ്റ്റാൻറിൽ സമാപിച്ചു. കൊയിലാണ്ടിയിൽ കെ.ഡി.സി ബാങ്കിന് സമീപത്തുനിന്നും ആരംഭിച്ച വിളംബര ജാഥ പുതിയസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. വടകരയിൽ സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് പുതിയ സ്റ്റാൻ്റിൽ സമാപിച്ചു. നാദാപുരത്ത് നടന്ന ജാഥ കക്കട്ടിൽ ബാങ്കിന് സമീപത്തുനിന്നും ആരംഭിച്ച് അജന്ത തിയേറ്ററിനടുത്ത് സമാപിച്ചു. പേരാമ്പ്രയിൽ മിനി സിവിൽ സ്റ്റേഷനടുത്തുനിന്നും ആരംഭിച്ച വിളംബര ജാഥ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.

2024 ജൂൺ 22, 23, 24 തീയതികളിൽ കോഴിക്കോട് നഗരത്തിലാണ് 61-ാം സംസ്ഥാന സമ്മേളനം നടക്കുന്നത്. ജൂൺ 22ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജൂൺ 23ന് പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്‌ത ഉദ്ഘാടനം ചെയ്യും.