കോഴിക്കോട് : ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴിലുള്ള വ്യവസ്ഥാപിതമായ ഏറ്റവും വലിയ ഖുർആൻ പഠന സംരംഭമായ ക്യു എച്ച് എൽ എസ് വാർഷിക പരീക്ഷ ജില്ലയിൽ ആയിരങ്ങൾ പ്രായ, ലിംഗ വ്യത്യാസം ഇല്ലാതെ എഴുതി. വിശുദ്ധ ഖുർആനിന്റെ പഠനവും പ്രചാരണവും ലക്ഷ്യം വെച്ചുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ഐ എസ് എം ന്റെ പാഠ്യ പദ്ധതിയാണ് ക്യു എച്ച് എൽ എസ്. പരീക്ഷയിൽ പങ്കെടുത്ത വിജയികൾക്ക് സംസ്ഥാന തലത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടുന്നവർക്ക് ഒരുലക്ഷം , അൻപതിനായിരം , ഇരുപത്തയ്യായിരം , രൂപ വീതവും പ്രശസ്തി പത്രവും നൽകും.
ജില്ലയിലെ വിവിധ സെന്ററുകളിൽ നടന്ന പരീക്ഷയിൽ സാധാരണക്കാര്‍, വിദ്യാർത്ഥികള്‍, പ്രഫഷണലുകള്‍, തൊഴിലാളികള്‍, അധ്യാപകര്‍, വീട്ടമ്മമാര്‍, കച്ചവടക്കാര്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള ആയിരകണക്കിന് ആളുകള്‍ പരീക്ഷയില്‍ പങ്കാളികളായി. ഐഎസ്എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ജുനൈദ് സലഫി, സെക്രട്ടറി ഹാഫിസ് റഹ്‌മാൻ മദനി, കൺവീനർ അബ്ദുൽ ഖാദർ നരിക്കുനി, ജില്ലാ മണ്ഡലം കമ്മറ്റി ഭാരവാഹികൾ, ക്യൂ എച്ച് എൽ എസ് ഇൻസ്ട്രക്ടർമാർ തുടങ്ങിയവർ പരീക്ഷക്ക് നേതൃത്വം നൽകി.