ചാത്തമംഗലം: കോഴിക്കോട് എൻ ഐ ടിയിൽ മലയാളി വിദ്യാർഥികൾക്കും ജീവനക്കാർക്കും അധ്യാപകർക്കും എതിരെ അധികൃതരുടെ ഭാഗത്തു നിന്നും പ്രതികാര നടപടികൾ പതിവായതായി പരാതി. അധികൃതരുടെ അനാവശ്യ നിയന്ത്രണങ്ങൾക്കും ഏകപക്ഷീയമായി രാത്രി കർഫ്യൂ പ്രഖ്യാപിച്ചതിനും എതിരെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ 5 മലയാളി വിദ്യാർഥികൾക്ക് മാത്രമാണ് കഴിഞ്ഞ ദിവസം 33 ലക്ഷം രൂപ പിഴ ചുമത്തിയതെന്നും പ്രതിഷേധത്തിൽ മലയാളി ഇതര വിദ്യാർഥികളും പങ്കെടുത്തിരുന്നു എന്നാണ് വിദ്യാർഥികളും ഒരു വിഭാഗം അധ്യാപകരുടെയും ആരോപണം.
കഴിഞ്ഞ ജനുവരി 22ന് ക്യാംപസിൽ മത ചടങ്ങ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച മലയാളി വിദ്യാർഥിയെ ഉത്തരേന്ത്യൻ വിദ്യാർഥികൾ മർദിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാർഥികൾക്ക് എതിരെ കുന്നമംഗലം പൊലീസ് കേസെടുത്തെങ്കിലും പരാതിക്കാരനായ മലയാളി വിദ്യാർഥിയെ സസ്പെൻഡ് ചെയ്തത് വിവാദമാകുകയും ക്യാംപസിൽ വൻ പ്രതിഷേധം ഉയരുകയും ചെയ്തതിനെ തുടർന്ന് വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ സസ്പെൻഷൻ നടപ്പിലാക്കുന്നത് തടയുകയും ചെയ്തിരുന്നു. പിന്നീട് എൻഐടി ഉന്നതർ ഇടപെട്ട് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി കേസ് ഒത്തു തീർപ്പാക്കുകയും ചെയ്തു എന്നാണ് ആരോപണം. അതേ ദിവസം ഉത്തരേന്ത്യൻ വിദ്യാർഥികളുടെ മർദനമേറ്റ മറ്റൊരു വിദ്യാർഥി വകുപ്പ് മേധാവിക്കും റജിസ്ട്രാർക്കും പരാതി നൽകിയെങ്കിലും 5 മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല.
വിദ്യാർഥി യൂണിയന് സമാനമായ എൻഐടിയിലെ സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിലിൽ കഴിഞ്ഞ വർഷം പകുതി സീറ്റ് മലയാളി ഇതര വിദ്യാർഥികൾക്ക് സംവരണം ഏർപ്പെടുത്തി സെനറ്റ് തീരുമാനം എടുത്തത് വിവാദമായിരുന്നു. കോഴിക്കോട് എൻഐടിയിൽ 70 ശതമാനത്തോളം മലയാളി വിദ്യാർഥികളാണ് ഉള്ളത്. നേരത്തെ അധ്യാപകരിലും അനധ്യാപക ജീവനക്കാരിലും നല്ലൊരു ശതമാനം മലയാളികളാണ് ഉണ്ടായിരുന്നത്. അനധ്യാപക ജീവനക്കാർക്ക് തെറ്റായി കേരള ശമ്പള സ്കെയിൽ നടപ്പിലാക്കിയത് മൂലം അടുത്ത മാസം മുതൽ ശമ്പളം തിരിച്ചു പിടിക്കാനുള്ള റജിസ്ട്രാറുടെ തീരുമാനവും ബാധിക്കുക മലയാളി ജീവനക്കാരെയാണ്.
നിയമനം ലഭിക്കുന്ന അധ്യാപകർ നിശ്ചിത വർഷം കൊണ്ട് അക്കാദമിക് സ്കോർ പോയിന്റ് നേടിയാൽ മാത്രമേ തസ്തിക സ്ഥിരം നിയമനം ആയി കണക്കാക്കുക എന്ന നിബന്ധന മൂലം അധികൃതരുടെ അനിഷ്ടം ഉണ്ടായാൽ വർഷങ്ങൾ കഴിഞ്ഞാലും തസ്തിക കരാർ അടിസ്ഥാനത്തിൽ തുടരേണ്ട സ്ഥിതി ഉണ്ട്. ഇത് മൂലം മലയാളികൾ അടക്കം അധ്യാപകർ മികച്ച അക്കാദമിക് കരിയർ ഉള്ളവർ പോലും ജോലി ഉപേക്ഷിച്ച് പോകുന്ന സാഹചര്യം ഉണ്ടെന്ന് മുതിർന്ന അധ്യാപകർ പറയുന്നു.
2 മാസം മുൻപ് എൻഐടി മലയാള പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും ലൈബ്രറിയിൽ മലയാളം പുസ്തകങ്ങൾക്കുള്ള ഓർഡർ റജിസ്ട്രാർ ഇടപെട്ട് കാൻസൽ ചെയ്തതും വിവാദമായിരുന്നു. വിദ്യാർഥികൾക്ക് എതിരെ വൻ തുക പിഴ ചുമത്തിയും സംസ്ഥാന പാത കയ്യേറി ഉടമസ്ഥാവകാശം കാണിച്ച് ബോർഡ് സ്ഥാപിച്ചും വാവദമായിരുന്നു. വിവിധ കോഴ്സുകളിലേക്ക് ചോയ്സ് ഫില്ലിങ് നടക്കുന്ന സമയം തന്നെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവാദം ഉണ്ടാക്കുന്നത് മലയാളി വിദ്യാർഥികളുടെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ ആണെന്ന് സംശയിക്കേണ്ട സാഹചര്യമാണ് എന്ന് ഒരു വിഭാഗം അധ്യാപകർ ആരോപിക്കുന്നു.