പീഡനത്തിനിരയായതിനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജിവെക്കണമെന്ന് സി പി എം

Malappuram

മലപ്പുറം: പീഡനക്കേസില്‍ ഇരയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജിക്കായി സി പി എം നേതൃത്വത്തില്‍ സമരം. നവ വധുകൂടിയായ വൈസ് പ്രസിഡന്റിന്റെ ദൃശ്യങ്ങള്‍ പുറത്തായെന്ന പറഞ്ഞാണ് പ്രതിപക്ഷം രാജിക്കായി മുറവിളി കൂട്ടുന്നത്. ഇരക്കൊപ്പം നില്‍ക്കേണ്ടതിന് പകരമാണ് പ്രതിക്ക് സഹായകമാകുന്ന നിലപാട് സി പി എം സ്വീകരിക്കുന്നത്.

യു ഡി എഫ് ഭരിക്കുന്ന വടക്കന്‍ ജില്ലയിലെ ഒരു പഞ്ചായത്തില്‍ ലീഗിനാണ് പ്രസിഡന്റ് സ്ഥാനം. കോണ്‍ഗ്രസ് അംഗമാണ് വൈസ് പ്രസിഡന്റ്. സി പി എം നേതൃത്വത്തിലുളള പ്രതിപക്ഷം യുവതിയായ വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടുന്നതിന്റെ കാരണമാണ് ഏറെ വിചിത്രം. വൈസ് പ്രസിഡന്റിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തി വൈസ് പ്രസിഡന്റ് രാജി വെയ്ക്കണമെന്നാണ് ആവശ്യം.

അടുത്തിടെയായിരുന്നു വൈസ് പ്രസിഡന്റിന്റെ വിവാഹം. വിവാഹ ദിവസത്തില്‍ വൈസ് പ്രസിഡന്റിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ശേഷം ഇയാള്‍ വിദശത്തേക്ക് കടക്കുകയും ചെയ്തു. വൈസ് പ്രസിഡന്റിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഏതാനും പേരുടെ ഫോണുകള്‍ പൊലീസ് പരിശോധിക്കുകയും ചെയ്തു. ഇത്തരത്തില്‍ അന്വേഷണം മുന്നോട്ട് പോകവെയാണ് കേസില്‍ ഇരയായ വൈസ് പ്രസിഡന്റിന്റെ രാജിക്കായുളള സി പി എമ്മിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.

എന്നാല്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും ചിലര്‍ തന്നെ വേട്ടയാടുകയാണെന്നുമാണ് വൈസ് പ്രസിഡന്റിന്റെ നിലപാട്.