കഥ പറയാൻ മുത്തശ്ശി എത്തി, ചേനോത്ത് ഗവ: സ്ക്കൂളിൽ കഥാവേള ആവേശമായി

Kozhikode

കുന്ദമംഗലം: ചേനോത്ത് ഗവ: സ്ക്കൂളിലെ കുസൃതിക്കൂട്ടം തങ്ങളുടെ സഹപാഠിയായ വയോമിയുടെ മുത്തശ്ശിയെ കാത്ത് ആകാംക്ഷയോടെ ക്ലാസിൽ ഇരുപ്പുറപ്പിച്ചു. കഥ പറയാൻ മുത്തശ്ശിയെത്തിയപ്പോൾ അവർ ചുറ്റും കൂടി. കഥ .. കഥ എന്ന് അവർ ആർത്തു വിളിച്ചു. കുരുന്നുകളെ ചുറ്റിലുമിരുത്തി അവർ കഥ പറയാൻ ആരംഭിച്ചു. തികഞ്ഞ ശാന്തതയോടെ അവർ കഥകൾ മുഴുവൻ കേട്ടിരുന്നു. ഇടക്കിടെ കുഞ്ഞു ചോദ്യങ്ങൾ ചോദിക്കാനും അവർ മറന്നില്ല. കുട്ടികളുടെ ആകാംക്ഷ കണ്ട് മുത്തശ്ശിക്കും ആവേശമായി. കേട്ട കഥകൾ കുട്ടികൾക്ക് സ്വന്തം ഭാഷയിൽ ചുരുക്കി അവതരിപ്പിക്കാനും അവസരം നൽകിയിരുന്നു.

വീട്ടിൽ ചെന്ന് കഥകൾ വീട്ടുകാർക്ക് പറഞ്ഞ് കൊടുക്കുമെന്ന് ഉറപ്പു നൽകിയാണ് കൊച്ചു കൂട്ടുകാർ സ്കൂളിൽ നിന്ന് യാത്രയായത്. വായന വാരത്തിൻ്റെ ഭാഗമായി ചേനോത്ത് വിജയകുമാരി അമ്മയാണ് കഥകൾ പറയാൻ സ്കൂളിലെത്തിയത്. ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ , അധ്യാപകരായ കെ. പി. നൗഷാദ് , പ്രീത പി പീറ്റർ , പി.പി. അനഘ , ധനില , മിസ്രിയ പുള്ളാവൂർ , ഫാത്തിമ ഫിദ എന്നിവർ കഥാ വേളക്ക് നേതൃത്വം നൽകി.