സ്വന്തം മുഖമൊന്ന് നോക്കിയാൽ മുസ്‌ലിം ലീഗുകാർ ഞെട്ടും: ഐ എൻ എൽ

Kozhikode

കോഴിക്കോട് : തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സത്യത്തിൻ്റെ കണ്ണാടിക്കു മുന്നിൽ വന്ന് നിന്ന് സ്വയം ഒന്ന് നോക്കിയാൽ ഞെട്ടിപ്പോകുമെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. വികൃതമായ എത്ര മുഖമാണ് തൻ്റെ പാർട്ടിക്കുള്ളതെന്ന് സത്യസന്ധമായി ഒന്ന് പരിശോധിച്ചു നോക്കിയാൽ മനസ്സിലാകും.

മിതവാദത്തിന്റെയും സൗഹൃദത്തിന്റെയുമൊക്കെ സുന്ദര വദനവുമായി പൊതുജനമധ്യേ പ്രത്യക്ഷപ്പെടുന്ന മെയ്ക്കോവർ ചെയ്ത മുഖം, സാമുദായികതയുടെ അകത്തളത്തിലെത്തുമ്പോൾ എന്തുമാത്രം സങ്കുചിതവും കുടുസ്സുമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. എൽഡിഎഫുമായി അടുക്കണമെന്ന് ആഗ്രഹിക്കുമ്പോഴൊക്കെ മതവാദികളെന്നും തീവ്രവാദികളെന്നും മുദ്രകുത്തി അകറ്റി നിർത്തിയവരെയാണ് നാലു വോട്ടിനു വേണ്ടി ഇപ്പോൾ കൂട്ടുപിടിച്ചിരിക്കുന്നതെന്ന് മറന്നുപോകരുത്. പാർട്ടി മുഖപത്രത്തിലൂടെ രണ്ട് മാസക്കാലം ഇകഴ്ത്തിയും പരിഹസിച്ചും ചിത്രീകരിച്ച ‘പരിശുദ്ധ നെയ്യ്’ എന്നു മുതൽക്കാണ് മോന്തി കുടിക്കാൻ പാർട്ടിക്ക് തോന്നിയതെന്ന് സലാം വ്യക്തമാക്കണം.

ഖായിദേ മില്ലത്തും ബാഫഖി തങ്ങളും സുലൈമാൻ സേട്ടുവുമൊക്കെ കെട്ടിപ്പൊക്കിയ ഒരു മഹത്തായ പ്രസ്ഥാനത്തെ അധികാരമോഹികളും ലാഭക്കൊതിയന്മാരുമായ ഒരു കൂട്ടം കങ്കാണിമാരുടെ സങ്കേതമാക്കി മാറ്റിയപ്പോൾ നേടിയെടുത്ത താൽക്കാലിക നേട്ടങ്ങളിൽ കൂടുതൽ ഞെളിയേണ്ടതില്ലെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു