പാലക്കാടന്‍ കിണറുകള്‍ ജാഗ്രതൈ, ഓണ്‍ എയറില്‍ നിന്നും ഇനി ഫുള്‍ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം അഞ്ജു പാര്‍വതി പ്രഭീഷ്

Kerala

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫുമായ എം വി നികേഷ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്. 28 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന ജീവിതത്തിന് വിരാമമിട്ട് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി വിയിലെ എഡിറ്റോറിയല്‍ ചുമതലയില്‍ നിന്നൊഴിഞ്ഞു. സി പി എം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു. നികേഷ് കുമാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തക അഞ്ജു പാര്‍വതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഓണ്‍ എയറില്‍ നിന്നും ഇനി ഫുള്‍ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം. മാധ്യമപ്രവര്‍ത്തകനായി നിന്ന് രാഷ്ട്രീയ അടിമപ്പണിയെടുത്തു എയറില്‍ പോകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി നിന്ന് ഫുള്‍ ടൈം എയറില്‍ പോവുന്നത്. പാലക്കാടന്‍ കിണറുകള്‍ ജാഗ്രതൈ എന്നാണ് അഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്

സി എം പി നേതാവും മുന്‍ മന്ത്രിയുമായ എം വി രാഘവന്റെ മകനായ നികേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ച നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നാണ് പടിയിറങ്ങുന്നത്.

‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സി പി എം അംഗമായി പ്രവര്‍ത്തിക്കും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ നികേഷ് കുമാര്‍ വ്യക്തമാക്കി.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ എം ഷാജിയോട് പരാജയപ്പെട്ടു.