മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

Kerala

തിരുവനന്തപുരം: നടുറോഡില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറോട് കയര്‍ത്ത സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി. നിയമവിരുദ്ധ നടപടി, പൊതുശല്യം, പൊതുവഴി തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റേതാണ് നിര്‍ദ്ദേശം. നിയമ വിരുദ്ധമായി സംഘം ചേരല്‍, മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ സെക്ഷന്‍ 201 തുടങ്ങിയ വകുപ്പുകളും മേയര്‍ക്കെതിരെ ചുമത്താന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

സംഭവത്തില്‍ മേയര്‍ക്കും ഭര്‍ത്താവും എം എല്‍ എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദുവും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. കണ്ടക്ടര്‍ സുബിന്‍ നല്‍കിയ മൊഴിയും അദ്ദേഹം നിഷേധിച്ചു. കാര്‍ തന്നെ ഓവര്‍ടേക്ക് ചെയ്ത് വരുന്നത് കണ്ടക്ടര്‍ കാണാന്‍ സാധ്യതയേറെയാണെന്നും മെമ്മറി കാഡ് കാണാതായ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും യദു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.