ശ്രീകണ്ഠേശ്വരന് കാണിക്കയായി നാരീ സോപാനം

Kozhikode

കോഴിക്കോട്: ശ്രീനാരായണ ഗുരുവിനാൽ പ്രതിഷ്ഠിതമായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ പെൺകുട്ടികൾ അവതരിപ്പിച്ച സോപാനസംഗീതം തൊഴാനെത്തിയ ഭക്തർക്ക് വേറിട്ട അനുഭവമായി. ആതിര വിജയ്, തൃഥി സുരേഷ് എന്നീ പെൺകുട്ടികളാണ് ഞായറാഴ്ച ഉച്ചപ്പൂജയ്ക്ക് ക്ഷേത്രത്തിൽ സോപാനസംഗീതം അവതരിപ്പിച്ചത്.

മുൻകാലങ്ങളിൽ സോപാനസംഗീതത്തിൽ സ്ത്രീസാന്നിധ്യം ഒട്ടും ഇല്ലായിരുന്നെങ്കിലും സമീപകാലത്ത് ധാരാളം സ്ത്രീകൾ സോപാനസംഗീത രംഗത്തേക്ക് കടന്നുവരുന്നുണ്ട്. എങ്കിലും സ്ത്രീകൾ ക്ഷേത്ര സോപാനത്തിൽ ഇടയ്ക്ക കൊട്ടി പാടാറുള്ളത് തീരെ കുറവാണ്. സ്ത്രീകൾക്ക് സോപാനത്തിൽ കൊട്ടിപ്പാടാൻ അവസരം നൽകി മാതൃകയാവുകയാണ് സാമൂഹിക പരിഷ്കർത്താവായ ശ്രീനാരയണ ഗുരുവിനാൽ പ്രസിദ്ധമായ ശ്രീകണ്ഠേശ്വര ക്ഷേത്രം. ആതിര പന്ത്രണ്ടാം ക്ലാസ്സ്, തൃഥി ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ്.

ബഹ്റൈനിൽ പ്രവർത്തിക്കുന്ന വാദ്യകലാപഠന കേന്ദ്രമായ സോപാനം വാദ്യകലാസംഘത്തിൽ നിന്നും ഗുരു മേളകലാരത്നം സന്തോഷ് കൈലാസിൻ്റെ ശിക്ഷണത്തിലാണ് ഇരുവരും സോപാനസംഗീതം പഠിച്ചത്.