കണ്ണൂരില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനം: ബിനോയ് വിശ്വം

Kerala

തിരുവനന്തപുരം: കണ്ണൂരില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ബന്ധുക്കളെയാകെ വേദനിപ്പിക്കുന്നതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കരിയുടെയും പാരമ്പര്യമുള്ള മണ്ണില്‍ നിന്നും സ്വര്‍ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സി പി എം കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ബിനോയ് വിശ്വത്തിന്റെ രൂക്ഷ വിമര്‍ശനം.

‘സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരക്കാരില്‍ നിന്ന് ബോധപൂര്‍വം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാനാകൂ. പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവുമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലുത്.

കള്ളപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സി പി ഐ എന്നും മാനിക്കുമെന്നും’ ബിനോയ് വിശ്വം പറഞ്ഞു.