ബംഗളൂരു: സി എമ്മിനേയും ഡെപ്യൂട്ടി സി എമ്മിനെയും കുറിച്ചുള്ള തുറന്ന ചര്‍ച്ചകളില്‍ നിന്ന് പാര്‍ട്ടി നേതാക്കളെ വിലക്കിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തനിക്ക് ആരുടെയും ശുപാര്‍ശ വേണ്ടെന്നും അനുഗ്രഹം മതിയെന്നും പറഞ്ഞു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന് വൊക്കലിഗ സമുദായത്തിലെ മുഖ്യ പുരോഹിതന്‍ കുമാര ചന്ദ്രശേഖരനാഥ സ്വാമി പരസ്യമായി പഞ്ഞിരുന്നു. ഇത് പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമായതിന് പിന്നാലെയാണ് ഡി കെ ശിവകുമാര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം ആരുടേയും ശുപാര്‍ശ വേണ്ടെന്നും അനുഗ്രഹം മതിയെന്നും പുരോഹിതരേയും ഓര്‍മ്മിപ്പിച്ചത്.
‘ഞങ്ങള്‍ കഠിനാധ്വാനത്തിലൂടെയാണ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത്. സി എമ്മിനേയും ഡി സി എമ്മിനെയും കുറിച്ച് തുറന്ന ചര്‍ച്ചകള്‍ വേണ്ട. നിങ്ങളുടെ വായ അടച്ചുവയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പാര്‍ട്ടി നോട്ടിസ് നല്‍കും. സദാശിവ നഗറിലെ വസതിക്ക് സമീപം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡി കെ ശിവകുമാര്‍ പറഞ്ഞു.
എല്ലാ സ്വാമിജിമാര്‍ക്കും താന്‍ കൈകൂപ്പാറുണ്ട്. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുത്. ചന്ദ്രശേഖര്‍ സ്വാമിജി തന്നോടുള്ള ആരാധന കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞതെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. ‘നിലവില്‍ ഡി സി എം ചര്‍ച്ചയും മുഖ്യമന്ത്രി ചര്‍ച്ചയും ഒന്നും തന്നെ ഇല്ല. ഇതിന് ആരുടെയും ശുപാര്‍ശ ആവശ്യമില്ല. ഞാനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിദ്ധരാമയ്യയും ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. ഒരു എം എല്‍ എയും അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല. അല്ലാത്തപക്ഷം എഐസിസിക്കും താനിക്കും നോട്ടിസ് പുറപ്പെടുവിക്കേണ്ടിവരും. ശ്രദ്ധിക്കുക.’- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.