കൊച്ചി: നീണ്ട 25 വർഷം അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഇടവേള ബാബു. പദവിയൊഴിയുന്നതിനു മുന്നോടിയായി അംഗങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ് കാൽ നൂറ്റാണ്ട് താൻ നേരിട്ട നന്മതിന്മകളെക്കുറിച്ച് തുറന്നു പറഞ്ഞത്. സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്‍റും അടക്കമുള്ളവർ വലിയ പിന്തുണ നൽകിയിരുന്നു. എന്നാൽ സംഘടന വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോൾ പലരും തന്നെ ബലിയാടാക്കി. പെയ്ഡ് സെക്രട്ടറിയെന്ന് പരിഹസിക്കപ്പെട്ടപ്പോൾ അതിനെതിരേ അമ്മയിലെ അംഗങ്ങൾ ആരും പ്രതികരിച്ചില്ല.
സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ ആക്രമിക്കപ്പെട്ടപ്പോൾ ഒരാൾ പോലും പിന്തുണച്ചില്ല.
പദവിയിലിരിക്കേ അത്തരം ആരോപണങ്ങളോട് പ്രതികരിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ മറ്റുള്ളവർക്ക് സപ്പോർട്ട് ചെയ്യാമായിരുന്നു. അടുത്ത ഭരണസമിതി യിലുള്ളവർ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോൾ എല്ലാ അംഗങ്ങളും ശക്തമായ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറിക്ക് പ്രതിഫലം നൽകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ജഗതി ശ്രീകുമാറാണ്. അതു കഴിഞ്ഞ് 9 വർഷങ്ങൾക്കു ശേഷമാണ് പ്രതിമാസം 30,000 രൂപ അലവൻസ് ലഭിച്ചു തുടങ്ങിയത്. കഴിഞ്ഞ ഭരണസമിതി അത് 50,000 രൂപയായി ഉയർത്തി.
അതിൽ 20,000 രൂപ ഡ്രൈവർക്കും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. ബാക്കി മാത്രമാണ് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. താൻ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഒരു ദിവസം പോലും സിനിമാ ഷൂട്ടിങ് മുടങ്ങിയിട്ടില്ല എന്നും ഇടവേള ബാബു പറഞ്ഞു.