കോഴിക്കോട് : ഒരു നൂറ്റാണ്ടിനടുത്തായി മലബാറിൻ്റെ വാണിജ്യ മുന്നേറ്റത്തിന് നേതൃത്വപരമായ പങ്കു വഹിക്കുന്ന മലബാർ ചേംബർ ഓഫ് കോമേഴ്സിന് ഇനി മുതൽ പുതിയ മുഖമുദ്ര. പുതിയ കാലഘട്ടത്തിൻ്റെയും യുവ വാണിജ്യ ലോകത്തിൻ്റെയും അഭിപ്രായങ്ങൾ മുൻനിറുത്തി, പുതിയ കാഴ്ചപ്പാടിൽ തയ്യാറാക്കിയതാണ് പുതിയ ലോഗോ.
1929 -ൽ കോഴിക്കോട് ആസ്ഥാനമായി ദിവാൻ ബഹദൂർ പി. സോമസുന്ദരം ചെട്ടിയാർ പ്രസിഡൻ്ററും സി.എൽ. രാമസ്വാമി സെക്രട്ടറിയുമായി രൂപീകരിച്ച ചേംബർ, പ്രവർത്തന പഥത്തിൽ അഞ്ചു വർഷം കൂടി കഴിയുന്നതോടുകൂടി നൂറാം പിറന്നാളിലെത്തുകയാണ്. റിയൽ എസ്റ്റേറ്റ്, ട്രാവൽ തുടങ്ങി വാണിജ്യ മേഖലയിലെ വിവിധ വിഭാഗങ്ങളുടെ ചിഹ്നങ്ങൾ അടങ്ങിയ നിലവിലെ പാരമ്പര്യ ലോഗോക്കു പ്രകാരം തീർത്തും വ്യത്യസ്തമായി വാണിജ്യമേഖലയിലെ 9 പതിറ്റാണ്ട് കാലത്തെ അറിവ്, കൂട്ടായ്മയുടെ ശക്തി എന്നീ സന്ദേശങ്ങൾ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതാണ് പുതിയ ലോഗോ. ഇനി മുതൽ മലബാർ ചേംബറിൻ്റെ ഔദ്യോഗിക മുഖമുദ്ര ഇതായിരിക്കും.
ലോഗോയുടെ ഔപചാരികമായ പുറത്തിറക്കൽ മലബാർ ചേംബർ പ്രസിഡൻ്റ് എം.മെഹ്ബൂബ് , സെക്രട്ടറി അരുൺ കുമാർ, ട്രഷറർ ടി. ഗോപകുമാർ, വൈസ് പ്രസിഡൻ്റ്റ് നിത്യാനന്ദ കമ്മത്ത്, ജോ. സെക്രട്ടറി പോൾ വർഗീസ്, നയൻ ജെ ഷാ, മുൻ പ്രസിഡൻ്റുമാരായ പി.സുന്ദർദാസ് , സി.മോഹനൻ, ഹസീബ് അഹമ്മദ്, അഡ്വ. അനൂപ് നാരായണൻ, ശ്യാം സുന്ദർ എന്നിവർ ചേർന്ന് നിർവഹിച്ചു.