പത്തനംതിട്ട: പാലത്തിന്റെ നിര്‍മ്മാണത്തിന് കമ്പിക്ക് പകരം മരക്കഷണം ഉപയോഗിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നിയില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ തൂണിലാണ് ഇരുമ്പ് കമ്പിക്ക് പകരം മരക്കഷണം ഉപയോഗിച്ച് കോണ്‍ക്രീറ്റ് നടത്തിയത്. തൂണില്‍ മരത്തിന്റെ കഷണം പുറത്തേക്ക് തള്ളി നിന്നതോടെയാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്.
പഴവങ്ങാടി വലിയപറമ്പില്‍പടിയിലുള്ള ബണ്ടുപാലം റോഡില്‍ പാലത്തിന്റെ ഡി ആര്‍ നിര്‍മിക്കുന്നതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് തൂണുകളിലാണ് കമ്പിക്ക് പകരം മരക്കഷണം ഉയോഗിച്ചതായി കണ്ടെത്തിയത്. കോണ്‍ക്രീറ്റ് തൂണുകളില്‍ തടി തളളി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തടഞ്ഞത്. ഇവിടെ ഇരുവശങ്ങളിലും സ്ഥാപിക്കാനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് പീസുകള്‍ എല്ലാം വാര്‍ത്തിരിക്കുന്നത് തടി ഉപയോഗിച്ചാണോ എന്ന സംശയത്തിലാണ് നാട്ടുകാര്‍, അതുകൊണ്ട് തന്നെ വിശദമായ പരിശോധന ആവശ്യമാണെന്നും നാട്ടുകാര്‍ പറയുന്നു.