വെള്ളാപ്പള്ളിക്ക് തിരിച്ചടി; ബൈലോ ഭേദഗതിക്ക് അംഗീകാരം

Kerala News

കൊച്ചി: ഹൈക്കോടതിയില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എസ് എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതിക്കാണ് ഹൈക്കോടതിയുടെ അംഗീകാരം ഉണ്ടായിരിക്കുന്നത്. എസ് എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ബൈലോ ഭേദഗതി. ഇത് ഹൈക്കോടതി അംഗാകരിച്ചതോടെ വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ട്രസ്റ്റ് ഭാരവാഹികള്‍ ക്രിമിനല്‍ ഉള്‍പ്പെട്ടാല്‍ കുറ്റവിമുക്തരാവുന്നത് വരെ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന്റെ ഉത്തരവില്‍ പറയുന്നത്. കുറ്റവിമുക്തരാക്കപ്പെട്ടാല്‍ ഭാരവാഹിത്വത്തലേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലെന്നും വിധിയില്‍ പറയുന്നുണ്ട്. മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. എസ് എന്‍ ട്രസ്റ്റിന്റെ ബൈലോ തയ്യാറാക്കിയിട്ടുള്ളത് ഹൈക്കോടതിയാണ്. അതുകൊണ്ട് തന്നെ ബൈലോ ഭേദഗതി ചെയ്യാനുള്ള അധികാരവും ഹൈക്കോടതിക്ക് മാത്രമാണ്.

കണിച്ചുകുളങ്ങര എസ് എന്‍ ഡി പി യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ കെ മഹേശന്റെ മരണത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു മാരാരിക്കുളം പൊലീസ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് ബൈലോയിലെ ഭേദഗതി വെള്ളാപ്പള്ളിക്ക് നടേശന് തിരിച്ചടിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *