വിപൽ സന്ദേശം / സി ആർ പരമേശ്വരൻ
തെരഞ്ഞെടുപ്പുകൾ കൃത്യമായി നടക്കുന്നുണ്ടെങ്കിലും ജനാധിപത്യം നിര്‍വീര്യമായിക്കഴിഞ്ഞ rogue രാഷ്ട്രങ്ങളിൽ ഒന്നായിത്തീർന്നൊ ഇൻഡ്യ എന്ന സംശയത്തിൽ ആണ് കുറെ കാലമായി അന്താരാഷ്ട്രമാധ്യമങ്ങൾ .ഫാ .സ്റ്റാൻ സ്വാമിയുടെ ഭരണകൂട കൊലപാതകവും ആനന്ദ് തെൽതുംബ്ഡേ അടക്കമുള്ള മറ്റു ഭീമ -കൊറേഗാവ് ‘ഗൂഢാലോചന ’ പ്രതികളുടെ ജാമ്യമില്ലാത്ത തടവറവാസവും ഈ സംശയത്തെ ഊട്ടി ഉറപ്പിക്കുന്നു .
ഇന്ത്യയിൽ ഇന്ന് സജീവമായ , ആത്യന്തികമായി ഹിംസാത്മകമായ ചിന്താധാരകളെയെല്ലാത്തിനേയും സംശയത്തോടെ വീക്ഷിക്കാന്‍ വിധിക്കപ്പെട്ട അശുഭവിശ്വാസികളായ എന്നെ പോലെ ചിലരുണ്ട് .പിന്നെ ‘എന്തിലാണ് വിശ്വാസം ?’എന്ന് ചോദിച്ചാല്‍ ഞങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന അഖണ്ഡത ,മതേതരത്വo,അവസരസമത്വo തുടങ്ങിയ അഞ്ചെട്ടു പഴഞ്ചൻമൂല്യങ്ങൾ യഥാർത്ഥത്തിൽ പുലരുന്ന ഒരു ഇൻഡ്യ എന്നെങ്കിലും ഉണ്ടാകുമെന്ന് വ്യാമോഹിക്കുന്നു എന്ന് വേണമെങ്കിൽ പറയാം . ഈ മൂല്യങ്ങൾ ഏറെക്കുറെ പുലരുന്ന ഞങ്ങൾ നേരിൽ കണ്ടിട്ടുള്ള ലോകത്തിലെ വിരലിലെണ്ണാവുന്ന രാജ്യങ്ങളെ അസൂയയോടെ നോക്കുന്നു എന്നും പറയാം .
ഞങ്ങളൊന്നും ഭീമ -കൊറേഗാവ് ‘ഗൂഢാലോചന’കളിൽ ആരോപിക്കപ്പെടുന്ന റദ്ദായ പ്രത്യയശാസ്‌ത്രങ്ങളിൽ താൽപ്പര്യമുള്ളവർ അല്ല .ഭീമ -കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ഫാ .സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള പലരും ഭരണകൂടം എത്ര പ്രചാരണം നടത്തിയാലും മാവോയിസ്റ്റുകൾ ആയിരുന്നു എന്ന് വിശ്വസിക്കാൻ ഞങ്ങൾ തയ്യാറല്ല. കള്ളക്കേസിൽ പെടുത്തപ്പെട്ട ഫാ .സ്റ്റാൻ സ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ച ഭരണകൂടത്തിന്റെ നടപടികൾ മുൻപറഞ്ഞ ഭരണഘടനആമുഖത്തിൽ വാഗ്ദാനം ചെയ്യുന്ന വിശ്വാസസ്വാതന്ത്ര്യത്തിന്റെ പരമമായ ലംഘനമാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .
ഇപ്പോൾ സ്വാമിയുടെ മരണശേഷം വിലപിക്കുന്ന കോടതി ഇത്തരം കേസുകളിൽ ഇത്രയും കാലം സർക്കാർ പറഞ്ഞിരുന്ന വിശ്വസനീയത ഇല്ലാത്ത ഭാഷ്യങ്ങൾ മാത്രമാണ് ചെവിക്കൊണ്ടത് എന്ന തോന്നൽ ആണ് നമുക്ക് ഉണ്ടാകുന്നത് .രാപ്പകൽ അഴിമതിക്കൊള്ള നടത്തുകയും ദരിദ്രരുടെ ചോരയൂറ്റാൻ ഇരപിടിയൻ ക്രോണി മുതലാളിമാർക്ക് കങ്കാണിവേല ചെയ്യുകയും ചെയ്യുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ രാജ്യദ്രോഹത്തേക്കാൾ എത്ര തുച്ഛമാണ് ഈ തടവുകാരിൽ ആരോപിക്കപ്പെടുന്ന സാങ്കൽപ്പിക കുറ്റങ്ങൾ ?
പണ്ടൊക്കെ ഇത്തരം അവസരങ്ങളിൽ –സ്പനിഷ് സിവിൽ വാറിന്റെയും വിയറ്റ്‌നാം യുദ്ധത്തിന്റെയും ഘട്ടങ്ങളിൽ എന്ന പോലെ – പ്രവർത്തിച്ചിരുന്ന ലോകമനസ്സാക്ഷി എന്നൊന്ന് ഇന്നുണ്ടെന്ന് തോന്നുന്നില്ല .ഉള്ളത് ഒരു വശത്ത് തീവ്രവലതുവാദവും മറുവശത്ത് ഇസ്ലാമോ ലെഫ്റ്റിസവും ആണ് ..അവക്കിടയിൽ ഉള്ള ലിബറലിസത്തിന്റെ നേരിയ തുരുത്ത് പഴയ മൂന്നാം ലോക രാജ്യങ്ങളിൽ ഏറെക്കുറെ മുഴുവനായും പാശ്ചാത്യരാജ്യങ്ങളിൽ ഭാഗികമായും അലിഞ്ഞില്ലാതായിരിക്കുന്നു .
പിന്നെയുള്ളത് ലോകരാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ ആണ്.പണ്ട് പാശ്ചാത്യലോകത്തിലേക്ക് സന്ദർശനാനുമതി നിഷേധിക്കപ്പെട്ടിരുന്ന പ്രധാനമന്ത്രിയെ ആ ലോകരാഷ്ട്രത്തലവന്മാർ തന്നെ ഇന്ന് ആലിംഗനം ചെയ്ത് സ്വീകരിക്കുന്നു .അദ്ദേഹവും സംഘപരിവാറും കരുതുന്നത് ആ ഭരണാധികാരികൾക്ക് വൈകിയാണെങ്കിലും മോദിയുടെ മഹത്വത്തെകുറിച്ചും സൗന്ദര്യത്തെ കുറിച്ചും വിവേകം വന്നു എന്നാണ് !മനസ്സിലാക്കുക ,ആ കച്ചവടക്കൊതിയന്മാർ പുൽകുന്നത് താങ്കളെയല്ല, ഇന്ത്യയിലെ 140 കോടി ഉപഭോക്താക്കളെയാണ് . .
ഈ കേസിൽ തടവിലുള്ള മറ്റെല്ലാ പ്രതികളും രോഗാതുരരാണ് .കോടതികൾ നീതിയുക്തമായ വിധത്തിൽ ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ ലോകപ്രശസ്തനും മൗലിക ചിന്തകനും ആയ ഡോ.തെൽതുംബ്ഡേ ഉൾപ്പടെ ഉള്ള മറ്റുള്ളവരും ഫാ .സ്റ്റാൻ സ്വാമിയുടെ വഴി പിന്തുടരും .