ആലപ്പുഴ: സർക്കാരിന്റെ പുതിയ മദ്യ നയം ജന ദ്രോഹവും പുതു തലമുറ നശിക്കുന്ന രീതിയിലുമാണെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ഡോ. ജോഷ്വാ മാർഇഗ്‌നാത്തിയോസ് പറഞ്ഞു. മദ്യ വിരുദ്ധ ജനകീയ മുന്നണി സമിതിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ ഭൂരിഭാഗവും മദ്യവും ലഹരിയുടെയും ഉപയോഗം മൂലമാണ്. നാൾക്കുനാൾ വിപണിയിൽ മദ്യ ലഭ്യത കൂടുകയാണ്. ഖജനാവിൽ എങ്ങനെയും പണം നിറക്കണം എന്നുമാത്രമാണ് സര്‍ക്കാറിന്‍റെ ചിന്ത. ജനങ്ങൾ നശിക്കുന്നതിലും നാട്ടില്‍ തിന്മ നിറയുന്നതിലും സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ല. ആലപ്പുഴ ജില്ല മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ഡോ. എ. പി. നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പി. എ. ലോറൻസ് സ്വാഗതം ആശംസിച്ചു. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കൺവീനർ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാഷ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
മലപ്പുറത്ത് നടക്കുന്ന അനിശ്ചിത കാല സമരം പോലെ കേരളത്തിൽ എല്ലാ ജില്ലകളിലും സമര പരിപാടികൾ ആരഭിക്കുമെന്ന് സംസ്ഥാന കൺവീനർ പറഞ്ഞു. മദ്യ നിരോധനസമിതി സംസ്ഥാന വൈ. ചെയർമാൻ കൈമൾ കരുമാടി, ജനകീയ മുന്നണി നേതാക്കളായ അജയകുമാർ, അഡ്വ. ശാന്തിരാജ്, അഡ്വ. എം. എ. ബിന്ദു, ഉമ്മച്ചൻ ചക്കുപറമ്പിൽ, ബി. വിനോദ്, സിദ്ദാർതൻ, ജോസി വഴിച്ചേരി,ഉമ്മൻ കെ മേതാരം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കോർഡിനേറ്റർ കെ ജെ. ഷീല നന്ദി രേഖപ്പെടുത്തി.