താര സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ

Kerala

കൊച്ചി: മലയാള താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ. അമ്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വാർത്ത പങ്കുവെച്ചത്. മെമ്പർഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് കമൽ ഹാസന് മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തത്.

‘അമ്മ’ കുടുംബത്തിൻ്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിൻ്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ ശ്രീ കമൽഹാസൻ സാറിന് ഓണററി മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഞങ്ങളുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. അതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് സർ, ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഔദ്യോഗിക കുറിപ്പ്.

ഇന്ന് റിലീസിനെത്തിയ കമൽ ഹാസന്റെ പുതിയ ചിത്രം ഇന്ത്യൻ 2ന് ആശംസകൾ നൽകുന്നതായും കുറിച്ചിട്ടുണ്ട്. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ഭാഗം തന്ന ആവേശം രണ്ടാം ഭാഗത്തിൽ നൽകുന്നതിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.