പടിഞ്ഞാറത്തറ: പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പെട്ട തിരുമംഗലത്ത് താമസിക്കുന്ന ജോമോന്റെ വീട് കാറ്റിലും മഴയിലും വീണ്ടും തകര്‍ന്നു. രണ്ട് മാസം മുമ്പത്തെ വേനല്‍ മഴയല്‍ ഈ വീട് തകര്‍ന്നിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്നും കുടുംബം കരകയറുന്നതിന് മുമ്പാണ് കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും വീട് തകര്‍ന്ന് താമസയോഗ്യമല്ലാതായത്. നേരത്തെ വീട് പുനര്‍നിര്‍മ്മിക്കുന്നതിനായി സഹായം തേടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവില് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ജോമോനും കുടുംബവും പറയുന്നു.

വീട് വീണ്ടും തകര്‍ന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നിഷേധിക്കുന്ന നടപടി തിരുത്തി തങ്ങള്‍ക്ക് കയറിക്കിടക്കാന്‍ ഒരു വീട് ഒരുക്കി നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.