വെള്ളപ്പൊക്ക ദുരിതബാധിത തുരുത്തുകൾ സന്ദർശിച്ചു

Kozhikode

ആയഞ്ചേരി : ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങളായ വാളാഞ്ഞി, എലത്തുരുത്തി,കോതുരുത്തി,അരതുരുത്തി, തുടങ്ങിയ തുരുത്തുകളും വീടുകളും പഞ്ചായത്ത് പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട് സ്ക്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രാമാർഗ്ഗം തടസ്സപ്പെട്ട തുരുത്തുകളിലേക്ക് രണ്ട് കടത്ത് തോണികൾ ഏർപ്പാടു ചെയ്തു. വെള്ളം കൂടുതൽ കയറുമ്പോൾ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിക്കാനുള്ള ഒരുക്കവും നടത്തിയിട്ടുണ്ട്.

നിത്യ തൊഴിൽ നഷ്ടപ്പെട്ട് ദുരിതം പേറുന്നവരും ഇതിൽ ഉണ്ടെന്ന് സംഘം കണ്ടെത്തി. ആയതിൻ്റെ അടിസ്ഥാനത്തിൽ ദുരിതബാധിത പ്രദേശത്ത് ആവശ്യമായ ഭക്ഷ്യ കിറ്റുകൾ നൽകുന്നതിനും പഞ്ചായത്ത് മുൻകൈ എടുക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. മെമ്പർമാരായ കാട്ടിൽ മൊയ്തു മാസ്റ്റർ, ലിസ പുനയങ്കോട്ട്, എ. സുരേന്ദ്രൻ, സെക്രട്ടറി കെ.സീതള , അസിസ്റ്റൻ്റ് സെക്രട്ടറി വി.കെ രാജീവ് കുമാർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. പ്രദേശവാസികളായ വാളാ ഞ്ഞി ഗോപാലൻ, വാളാഞ്ഞി രാജീവൻ, എലത്തുരുത്തി കുഞ്ഞിരാമൻ, കുളങ്ങരത്ത് നാണു തുടങ്ങിയവർ പ്രയാസങ്ങൾ വിശദീകരിച്ചു.