കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Thiruvananthapuram

വെള്ളറട : മലയോര ഹൈവേയിൽ കാരക്കോണത്തിനു സമീപം ബൈക്കിനു പിന്നിൽ കെ.എസ്.ആർ.ടി.സി. ബസ് തട്ടി ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരംകുളം നെല്ലിമൂട് പീസ് കോട്ടേജിൽ ചന്ദ്രബാബുവാണ് (68) മരിച്ചത്.

റിട്ട. ഫോറസ്റ്റ് ഓഫീസറാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.25-ന് കാരക്കോണത്തുള്ള ഗവ. യു.പി. സ്കൂളിനു സമീപത്താണ് അപകടം. ചന്ദ്രബാബു വീട്ടിൽനിന്ന്‌ കാരക്കോണം മെഡിക്കൽകോളേജാശുപത്രി വളപ്പിലെ ബാങ്കിലേക്കു വരുകയായിരുന്നു. കാരക്കോണത്തെ സ്കൂളിനു സമീപത്തുെവച്ച് പിന്നാലെ വന്ന വെള്ളറട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസ്‌ ബൈക്കിൽ തട്ടി. തുടർന്ന് റോഡിൽ വീണ ചന്ദ്രബാബുവിന്റെ ദേഹത്തുകൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ ചന്ദ്രബാബു മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
ഇതിനുശേഷം നിർത്താതെ പോയ ബസ് വെള്ളറട പോലീസ് സ്റ്റേഷനിലാണ് നിർത്തിയത്.

കാരക്കോണം മെഡിക്കൽ കോളേജാശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം, ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ പരിശോധനയ്ക്കുശേഷം സംസ്കരിക്കും.ഭാര്യ: മേഴ്‌സി ബായി (റിട്ട. കോടതി ജീവനക്കാരി). മക്കൾ: ആനന്ദ്, ബിൻസി, ആൻസി (കുവൈത്ത്‌). മരുമക്കൾ: ഉമ്മർ എ.ആർ. (യു.കെ.), ആരുണ്യദാസ് (വെറ്ററിനറി സർജൻ). അപകടത്തിൽ വെള്ളറട പോലീസ് കേസെടുത്തു.