കോഴിക്കോട് : കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സമ്പൂര്‍ണ പ്രതിനിധി സമ്മേളനം 21ന് ഞായറാഴ്ച മലപ്പുറത്ത് നടക്കും. മലപ്പുറം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുത്ത അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിം ഉമ്മത്ത് അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. രാജ്യത്ത് വിദ്വേഷ രാഷ്ട്രീയം വീണ്ടും ഉയിര്‍ത്തിക്കൊണ്ടുവരുന്നതും വര്‍ധിച്ചു വരുന്ന സംഘ് പരിവാര്‍ ആള്‍കൂട്ട കൊലപാതങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.
മുസ്‌ലിം സമുദായത്തെ അന്ധവിശ്വാസത്തിലേക്ക് പുനരാനയിക്കുന്ന നവയാഥാസ്ഥിതിക നടപടികളും തങ്ങളുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ രാഷ്ട്രീയ നേതൃത്യങ്ങളെ അടിച്ചേല്പിക്കുന്ന യാഥാസ്ഥിതിക നടപടികളും ചര്‍ച്ചക്ക് വരും. ജാതി സെന്‍സസ്, സംവരണം ബാക്ക്‌ലോഗ് നികത്തല്‍, മലബാറിന് പ്രത്യേക പാക്കേജ്, പൊലീസിന്റെ പക്ഷപാത നിലപാട് തുടങ്ങിയ വിഷയങ്ങളിലുള്ള പ്രമേയങ്ങളും സമ്മേളനത്തിന്റെ പരിഗണനക്ക് വരും.
സംഘടനയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മപദ്ധതിയും ബജറ്റും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം കാലത്ത് 10ന് നടക്കും. കെ.എന്‍.എം മര്‍കസുദ്ദഅവ ജന:സെക്രടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍് ഡോ. ഇ.കെ അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിക്കും.