ഏഴ് പതിറ്റാണ്ടുമുമ്പത്തെ ഗള്‍ഫ് പ്രവാസ ഓര്‍മകള്‍ പറഞ്ഞ് മൈഗ്രന്‍റ് ഡ്രീംസ് പ്രദര്‍ശനം

Kerala News

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

എ വി ഫര്‍ദിസ്

കോഴിക്കോട്: 70 വര്‍ഷം മുമ്പ് ഗള്‍ഫ് രാജ്യങ്ങള്‍ എങ്ങിനെയായിരുന്നു. അവിടേക്ക് കുടിയേറിയ മലയാളിയുടെ ജീവിതം എങ്ങനെയായിരുന്നുവെന്നതിന്റെ കാഴ്ചകളമായി ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈന്‍ ആശ്രമത്തില്‍ മൈഗ്രന്റ് ഡ്രീംസ് പ്രദര്‍ശനം. ദുബായ്, ദോഹ, കുവൈറ്റ്, റിയാദ് തുടങ്ങിയ നഗരങ്ങളില്‍ ഏഴു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിയ മലയാളികളായ കെ കെ മജീദ്, മുഹമ്മദാലി പടിയത്ത്, പുന്നിലത്ത് അബ്ദു, ഷെരീഫ് ഇബ്രാഹിം, വലിയകത്ത് അബൂബക്കര്‍, വിലിയകത്ത് ഹംസ, അഹമ്മദ് വൈക്കിപ്പാടത്ത്, പണിക്ക വീട്ടില്‍ മുഹമ്മദ് എന്നിവരുടെ ശേഖരത്തില്‍ നിന്നുള്ളതാണ് ഏഴുപതിറ്റാണ്ട് മുന്‍പത്തെ അറേബ്യന്‍ കഥകള്‍ പറയുന്ന ചിത്രങ്ങള്‍.

ദുബൈയിലും കുവൈറ്റിലുമൊന്നും അംബര ചുംബികളായ കെട്ടിടങ്ങളോ കണ്ണഞ്ചിപ്പിക്കുന്ന ദീപ പ്രഭയോ, വിശാലമായ റോഡുകളോ ഒന്നുമില്ലാത്ത ആ പഴയ കാലമാണ് ചിത്രങ്ങളിലൂടെയും മറ്റും ഇവര്‍ വരച്ചിടുന്നത്. കേരളത്തിലെ ഇന്നത്തെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളെ പോലെയായിരുന്നു ഈ നഗരങ്ങളെന്ന് ആ പഴയ ചിത്രങ്ങള്‍ അടിവരയിടുന്നു. അറേബ്യന്‍ നാടുകളിലേക്ക് ചരക്കുമായി പോയിരുന്ന പത്തേമാരികളില്‍ കയറി കൂടിയാണ് അന്ന് ഗള്‍ഫ് നാടുകളിലേക്ക് മിക്ക മലയാളികളും പോയിരുന്നത്. മരുഭൂമിയിലെ അവരുടെ അതിജീവനം, കഷ്ടപ്പാടുകള്‍, അവര്‍ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം ഈ ചിത്രങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. വിരസതയകറ്റാന്‍ ഏക ഉപാധിയായി റേഡിയോ മാത്രം. അതും ട്യൂണ്‍ ചെയ്തിരിക്കുന്ന അന്നത്തെ ഗള്‍ഫ് മലയാളി. ഇന്നത്തെ പോലെ ഫോണും വീഡിയോ ചാറ്റിംഗും വാട്‌സ് ആപ്പും ഫെയ്‌സ് ബുക്കുമൊന്നുമില്ലാത്ത പഴയ പ്രവാസിയുടെ ചിത്രം വേറിട്ട കാഴ്ച തന്നെയാണ്. കാതങ്ങള്‍ താണ്ടി വരുന്ന എഴുത്തുകളാണ് പരസ്പരം സ്‌നേഹം കൈമാറിയിരുന്നതും ക്ഷേമാന്വേഷണങ്ങള്‍ നടത്തിയിരുന്നതും. അതിന്റെ പ്രതീകങ്ങളായ എയറോഗ്രാമും എയര്‍മെയിലും പ്രദര്‍ശനത്തിലെ ഗൃഹാതുരത്വം പുലര്‍ത്തുന്ന കാഴ്ചകളിലൊന്നാണ്.

ഇത് കൂടാതെ പഴയകാല പാസ്‌പോര്‍ട്ടുകളും വര്‍ക്ക് പെര്‍മിറ്റുകളും ലൈസന്‍സുമൊക്കെ പ്രദര്‍ശനത്തിലുണ്ട്. ഇന്ന് വികസനത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുന്ന ദുബായും റിയാദുമൊക്കെ പണ്ട് എങ്ങനെയായിരുന്നുവെന്നും ഈ മാറ്റത്തിന്റെ സംഭാവനയില്‍ ഒട്ടേറെ മലയാളികളുടെ വിയര്‍പ്പും അദ്ധ്വാനവും ഉണ്ടായിരുന്നുവെന്നതുകൂടി പഴയ പ്രവാസി മലയാളികള്‍ ഒരുക്കിയ പ്രദര്‍ശനം കണ്ടിറങ്ങുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ബോധ്യമാവും. ആഴി ആര്‍ക്കൈവ്‌സ് ഡിസൈന്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ, ഉരു ആര്‍ട്ട് ഹാര്‍ബര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഡിസൈന്‍ ആശ്രമത്തില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ഫെബ്രുവരി 12വരെയുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *