പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഉച്ചയ്ക്ക്‌ശേഷം പരീക്ഷ ഉണ്ടായിരിക്കില്ല. രണ്ട് പരീക്ഷകള്‍ക്കിടയില്‍ ഒന്നര ദിവസത്തെ ഇടവേളയുണ്ടാകും
തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പൊതു പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാര്‍ച്ച് 10 ന് തുടങ്ങി 30 ന് അവസാനിക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 25 നും തുടങ്ങും.
പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഉച്ചയ്ക്ക്‌ശേഷം പരീക്ഷ ഉണ്ടായിരിക്കില്ല. രണ്ട് പരീക്ഷകള്‍ക്കിടയില്‍ ഒന്നര ദിവസത്തെ ഇടവേളയുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്.എസ്.എല്‍.സി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27 ന് തുടങ്ങി മാര്‍ച്ച് 3 ന് അവസാനിക്കും. ആകെ 4.5 ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പൊതുപരീക്ഷ എഴുതുക. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് തുടങ്ങി മെയ് 10 നുള്ളില്‍ ഫലപ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 9,762 അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തും.
ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് തുടങ്ങി മാര്‍ച്ച് 3ന് അവസാനിക്കും. ആകെ ഒന്‍പത് ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷ എഴുതുക. 60,000 വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികളും പരീക്ഷയെഴുതും. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് തുടങ്ങി മെയ് 25 നുള്ളില്‍ ഫലം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 82 ക്യാമ്പുകളിലായി 24,000 അധ്യാപകരും വി.എച്ച്.എസ്.ഇയില്‍ എട്ട് ക്യാമ്പുകളിലായി 3,500 അധ്യാപകരും മൂല്യനിര്‍ണയം നടത്തും.