വയനാട് ദുരന്തം; മരണം ഇരുന്നൂറിനോടടുക്കുന്നു, 164 മരണം സ്ഥിരീകരിച്ചു, 123 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Kerala

ഇതുവരെ തിരിച്ചറിഞ്ഞത് 75 മൃതദേഹങ്ങള്‍ മാത്രം, ആകെ 195 പേരാണ് ആശുപത്രികളില്‍ എത്തിയത്. ഇതില്‍ 190 പേര്‍ വയനാട്ടിലും അഞ്ച് പേര്‍ മലപ്പുറത്തുമാണ്

കല്പറ്റ: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുന്നു. ഇരുന്നൂറിനടുത്ത് പേരാണ് മരിച്ചത്. 164 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 123 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരിച്ചവരില്‍ മരിച്ച 75 പേരെയാണ് ഇതുവരെയായി തിരിച്ചറിഞ്ഞത്. 155 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച രാവിലെ 10 മണി വരെ സ്ഥിരീകരിച്ചത് 123 മരണങ്ങളാണ്. ഇതില്‍ മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു.

മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിക്കും. നിലവില്‍ 99 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. ഇവരില്‍ 98 പേര്‍ വയനാട്ടിലും ഒരാള്‍ മലപ്പുറത്തുമാണ്.

ആകെ 195 പേരാണ് ആശുപത്രികളില്‍ എത്തിയത്. ഇതില്‍ 190 പേര്‍ വയനാട്ടിലും അഞ്ച് പേര്‍ മലപ്പുറത്തുമായിരുന്നു. വയനാട്ടില്‍ എത്തിയ 190 പേരില്‍ 133 പേര്‍ വിംസ് ആശുപത്രിയിലും 28 പേര്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും അഞ്ച് പേര്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തി. നിലവില്‍ 97 പേര്‍ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതില്‍ 92 പേരും വയനാട്ടിലാണ്.