കാട്ടാക്കടയിൽ സീരിയൽ ഷൂട്ടിനിടെ താരങ്ങളെ ഗുണ്ടകൾ ആക്രമിച്ചു

Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് സീരിയൽ താരങ്ങളെയും ആക്രമിച്ച് ഗുണ്ടകൾ. പരിക്കേറ്റ ഡ്രൈവർമാരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ അനുവദിക്കാതെ അർധരാത്രിയും തടത്ത് വച്ചു എന്നാണ് അറിയുന്നത്.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം’ എന്ന സീരിയലിൻ്റെ ലൊക്കേഷനായ കാട്ടക്കടയിലാണ് സംഭവം.

തട്ടുകടയുടെ പരിസരത്തായിരുന്നു ചിത്രീകരണം നടന്നിരുന്നത്.

അഭിനയിച്ച് കൊണ്ടിരുന്ന താരങ്ങളുമായി ഇവർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഇത് ചോദ്യം ചെയ്ത ഡ്രൈവർമാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവത്രെ.

ഈ ഡ്രൈവർമാരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ ഗുണ്ടകൾ തടഞ്ഞതായാണ് റിപ്പോർട്ട്.

സ്ഥലത്ത് എത്തിയ രണ്ട് പൊലീസുകാർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്.
സീരിയൽ താരങ്ങൾ ഉൾപ്പെടെ ആശുപത്രിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.

യദു കൃഷ്ണൻ , സുജേഷ്, ശ്രീദേവി അനിൽ, ലക്ഷ്മിപ്രിയ, സുമി സന്തോഷ്, രശ്മി സോമൻ, ഹരിജിത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലാണിത്.

പെരുന്തച്ചൻ, പാഥേയം തുടങ്ങിയ നിരവധി കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാതാവായ ജയകുമാർ ഭാവചിത്ര നിർമ്മാതാവായ സീരിയലിൻ്റെ ചിത്രീകരണ സ്ഥലത്താണ് ആക്രമണം അരങ്ങേറിയത്.

മോഹൻ ലാലിന്റെ സൂപ്പർഹിറ്റ് സിനിമ ‘ചിത്ര” ത്തിലെ നായിക രഞ്ജിനിയും ‘ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിൽ’ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

ഗുണ്ടകൾക്ക് എതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുന്ന ഘട്ടത്തിൽ തന്നെയാണ് തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നത്.