കൽപ്പറ്റ: മതരാഷ്ട്രവാദം സാമ്രാജ്യത്വ ഉൽപ്പന്നമാണെന്ന് കൾച്ചറൽ ഫോറം സംസ്ഥാന കൺവീനർ വേണുഗോപാലൻ കുനിയിൽ പ്രസ്താവിച്ചു. ഏറ്റവും മികച്ച രീതിയിൽ ജനവിരുദ്ധമായ കോർപ്പറേറ്റ് നവലിബറൽ നയങ്ങൾ നടപ്പിലാക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന RSS നവഫാസിസ്റ്റ് സർക്കാർ.
രാജ്യത്തെ സമ്പത്ത് നാടനും മറുനാടനുമായ കുത്തകകൾക്കായി തീറെഴുതുകയാണ്. അതിൽ നിന്ന് ജനശ്രദ്ധ തിരിച്ച് വിടുന്നതിന് വേണ്ടി വലിയ രീതിയിൽ വർഗ്ഗീയ മത ധ്രുവീകരണം നടത്തുകയാണ് ഇന്ത്യൻ സർക്കാർ. കശ്മീരിലെ ടൂറിസ്റ്റുകളെയും ഗൈഡുകളെയും കൂട്ടക്കൊല ചയ്ത പശ്ചാത്തലത്തിൽ പരമാവധി ഹിന്ദു മുസ്‌ലിം വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് സംഘപരിവാരം. ബ്രിട്ടനെതിരായ സ്വാതന്ത്ര്യ സമരത്തിൻ്റെ ഫലമായി വളർന്ന് വന്ന മുഴുവൻ ഇന്ത്യക്കാരനെയും ഉൾകൊള്ളുന്ന ഇന്ത്യൻ ദേശീയതക്ക് നേർ വിപരീതമായി, ബ്രാഹ്മണിക് ഹിന്ദുത്വ ദേശീയതയെ പ്രതിഷ്ഠിക്കാനുള്ള വർഗ്ഗീയ ഫാസിസ്റ്റ് പരിശ്രമങ്ങൾ പരാജയപ്പെടുത്തുവാൻ എല്ലാ മതേതര ജനാധിപത്യ ശക്തികളും മുന്നോട്ട് വരണമെന്ന് വേണുഗോപാലൻ ആവശ്യപ്പെട്ടു.
”ഇന്ത്യൻ ഫാസിസത്തിൻ്റെ നാനാർത്ഥങ്ങൾ ” എന്ന വിഷയത്തിൽ കൽപ്പറ്റയിൽ സ:കെ.ജെ. എൽദൊ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി.ജി മോഹൻദാസ്, ഉണ്ണികൃഷ്ണൻ ചീരാൽ എന്നിവർ എൽദോയെ അനുസ്മരിച്ച് സംസാരിച്ചു. കൾച്ചറൽ ഫോറം സംസ്ഥാന ചെയർമാൻ വി.എ. ബാലകൃഷ്ണൻ, സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, ബഷീർ ആന്ദ് ജോൺ തുടങ്ങിയവർ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു. വർഗ്ഗീസ് വട്ടേകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽ ജോസഫ് സ്വാഗതവും, എം.കെ. ഷിബു നന്ദിയും പറഞ്ഞു.