കോഴിക്കോട്: ഉരുൾപൊട്ടലിൽ വിറങ്ങിച്ച് നിൽക്കുന്ന വയനാടിനെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അതിനായി വിവാഹാഘോഷങ്ങൾ ലളിതമാക്കി ആ പണം സഹായ പ്രവർത്തനങ്ങൾക്ക് നൽകണമെന്നും ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. കോഴിക്കോട് പാളയം ജുമാമസ്ജിദിൽ ജുമുഅ ഖുതുബ നടത്തുകയായിരുന്നു ചീഫ് ഇമാം കൂടിയായ അദ്ദേഹം.
അനാവശ്യ ചെലവുകളും അലങ്കാരങ്ങളും ആർഭാടങ്ങളും ഒഴിവാക്കി ആഘോഷങ്ങൾ ലഘൂകരിച്ചാൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുക എളുപ്പമാണ്.
ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾ നോക്കാതെ മനുഷ്യരുടെ പ്രയാസങ്ങകറ്റാൻ രാപ്പകൾ അദ്ധ്വാനിക്കുന്ന സന്നദ്ധ സേവകരെയും സൈനികരെയും നിയമ പാലകരെയും അവിടെ കാണാൻ കഴിഞ്ഞു.
വിഷമഘട്ടത്തിൽ കൂടെ നിൽക്കാനും സഹായ ഹസ്തങ്ങൾ നീട്ടാനും തെയ്യാറാവുന്നവരാണ് യഥാർത്ഥ വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു. പാളയം പള്ളിയുടെ നേതൃത്വത്തിൽ വയനാട്ടിൽ പുനരധി വാസ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ച് വിവരം പള്ളിയിൽ വിളംബരം ചെയ്തു.