കോഴിക്കോട്: ഓട്ടിസം സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിപരിമിതി എന്നിവ അനുഭവിക്കുന്നവര്‍ സമൂഹത്തില്‍ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്ന് ഇവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാറിന്റെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സമസ്ത മേഖലയിലും ഇവര്‍ അവഗണിക്കപ്പെടുകയാണ്. ഭിന്നശേഷി പെന്‍ഷനും ആനുകൂല്യങ്ങളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കപ്പെടുകയാണ്. ബൗദ്ധിക പരിമിതര്‍ക്കുള്ള ക്ഷേമ പെന്‍ഷനില്‍ അവരുടെ കുടുംബ വരുമാനം കണക്കാക്കാതെ വ്യക്തിഗത വരുമാനം മാത്രം കണക്കാക്കണം. എന്നാല്‍ കുടുംബ വരുമാനം നോക്കി അപേക്ഷകള്‍ വ്യാപകമായി തള്ളുകയാണ്. സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നല്‍കുന്ന ആശ്വാസ കിരണം പദ്ധതി രണ്ട് വര്‍ഷമായി നിലച്ചിരിക്കുകയാണ്. കുടിശ്ശികയടക്കം നല്‍കി പദ്ധതി പുനരാരംഭിക്കണം. എങ്ങിനെ ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കാതിരിക്കാം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആര്‍.സി.ഐ യോഗ്യതയുള്ള സ്‌പെഷ്യല്‍ അധ്യാപകര്‍ക്ക് ഓരോ സ്‌കൂളിലും സ്ഥിരം നിയമനം നല്‍കണം. ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് രൂപീകരിക്കുക. തുടങ്ങിയ ആവശ്യങ്ങളും പരിവാര്‍ ഉന്നയിച്ചു.
ഈ സാഹചര്യത്തില്‍ 16 ന് വ്യാഴായ്ച 11 മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ ശ്രദ്ധ ക്ഷണിക്കല്‍ എന്ന നിലയില്‍ ധര്‍ണ്ണ നടത്തുമെന്നും പരിവാര്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ കെ കോയട്ടി, ഡോ ഡി.കെ ബാബു, ഷീന, സുലൈഖ അബൂട്ടി, അനിരുദ്ധന്‍, രവീന്ദ്രന്‍ പാറോല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.