മേപ്പാടി: ചൂരൽ മല ദുരന്തം നടന്നതിന്റെ പിറ്റേദിവസം മുതൽ ദുരന്ത നിവാരണത്തിനും
പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മസ്ജിദുറഹ്മാൻ. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനാണ് കോഴിക്കോട് മർക്കസുദ്ദ’അ് വ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിറ്റി സോഷ്യൽ സർവ്വീസ് മൂവ്മെന്റ് ‘യൂണിറ്റി ഹബ്ബ്’ എന്ന പേരിൽ ആശ്വാസ കേന്ദ്രം തുറന്നതെങ്കിലും, ദുരന്തവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളുടെയും ആസ്ഥാനമാണിന്ന് മസ്ജിദുറഹ്മാനും അതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന MCF പബ്ലിക് സ്കൂളും.
മസ്ജിദിന്റെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഡെഡ് ബോഡി തിരിച്ചറിയൽ കേന്ദ്രവും
താൽക്കാലിക മോർച്ചറി, മറ്റ് മെഡിക്കൽ എയ്ഡ് സെൻ്ററുകൾ എന്നിവയിലൊക്കെ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളിൽ പെടുന്ന വളണ്ടിയർമാർ, പോലീസുകാർ, മാധ്യമ പ്രവർത്തകർ, സർക്കാർ ഒഫീഷ്യലുകൾ എന്നിവർക്കെല്ലാം മൂന്ന് നേരവും ഭക്ഷണം നൽകുന്നത് യൂണിറ്റി ഹബ്ബിൽ വെച്ചാണ്.
ഇന്ന് മുതൽ ബോഡി തിരിച്ചറിയുന്നതിന് DNA ടെസ്റ്റ് നടത്താനുള്ള ലാബ് കൂടി പ്രവർത്തിക്കുന്നതും ഇവിടെ വെച്ച് തന്നെ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സേവനത്തിനായി എത്തിച്ചേരുകയും ദുരന്ത ഭൂമിയിൽ തെരച്ചിലടക്കം വിവിധ ജോലികളിൽ ഏർപ്പെട്ടു കൊണ്ട് രാപകലില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന
സ്ത്രീ വളണ്ടിയർമാരുൾപ്പെടെ നൂറ് കണക്കിന് യൂണിറ്റി പ്രവർത്തകരുടെ ആശ്വാസ കേന്ദ്രം കൂടിയാണ് മസ്ജിദുറഹ്മാനിൽ പ്രവർത്തിക്കുന്ന യൂണിറ്റി ഹബ്ബ്.
KNM മർക്കസുദ്ദ’അ് വ സംസ്ഥാന വൈസ് പ്രസിഡണ്ട് KM സൈദലവി എഞ്ചിനീയർ, ISM സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ, ജലീൽ മദനി, ജാബിർ വാഴക്കാട്, മഷ്ഹൂദ് കെ,
ബശീർ സ്വലാഹി തുടങ്ങിയവർക്ക് പുറമെ, പള്ളി ഭാരവാഹികളായ, ടി കെ അബ്ദുറഹ്മാൻ, സലീം മാസ്റ്റർ, ശരീഫ് സ്വലാഹി, അസീസ് കാവുംപാടം തുടങ്ങിയവരും പ്രവർത്തനങ്ങൾക്ക് നേതൃതം നൽകുന്നു.
ഡെഡ് ബോഡി തെരച്ചിലും അനുബന്ധ പ്രവർത്തനങ്ങളുമെല്ലാം അവസാനിച്ചാലും ദുരന്തത്തിന്റെ ഇരകൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനായി മേപ്പാടി ടൗണിൽ കോഴിക്കോട് ഹെൽപ്പിംഗ് ഹാൻ്റസിൻ്റെ കൂടി പങ്കാളിത്തത്തോടെ വിശാലമായ ഒരു കലക്ഷൻ സെൻ്റർ കൂടി ഇന്ന് തുറന്നിട്ടുണ്ട്.