വഖ്ഫ് സ്വത്തുക്കളുടെ പവിത്രത തകര്‍ക്കരുത്. കേരള ജംഇയ്യത്തുല്‍ ഉലമ

Kozhikode

കോഴിക്കോട്: വഖഫ് സ്വത്തുക്കളുടെ പവിത്രതയും അത് കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്മതയും ഇല്ലാതാക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റ് പിന്‍മാറണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. ദൈവപ്രീതി ലക്ഷ്യമാക്കി മതപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സ്വത്തുകള്‍ വഖ്ഫ് ചെയ്തിരിക്കുന്നത്. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിന് പകരം പുതിയ നിയമനിര്‍മാണത്തിലൂടെ വഖ്ഫിന്റെ താത്പര്യം തന്നെ തകരുന്ന അവസ്ഥ സംജാതമാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുസ് ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന്റെ തുടര്‍ച്ചയായി മാത്രമേ ഈ നീക്കത്തെ കാണാന്‍ സാധിക്കുകയുള്ളൂവെന്ന്കെ ജെ യു വ്യക്തമാക്കി.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന പുനരധിവാസ പദ്ധതികള്‍ കൃത്യമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥാപിതമായി നടപ്പാക്കണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ അഭിപ്രായപ്പെട്ടു. സംഘടനകളും വ്യക്തികളും സര്‍ക്കാരും നിരവധി സഹായങ്ങളും പദ്ധതികളും പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടു പോയ ഒരു സമൂഹത്തെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം തേടുകയും ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷങ്ങളില്‍ നടന്ന പുനരധിവാസ പദ്ധതികളിലെ പോരായ്മകള്‍ പരിശോധിക്കാനും വിലയിരുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും കെ ജെ യു ആവശ്യപ്പെട്ടു.

മലയാളികള്‍ അല്ലാത്തവര്‍ പോലും ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ശേഷം തുല്യതയില്ലാത്ത മാനവികതയാണ് നമുക്ക് കാണാന്‍ സാധിച്ചത്. അമ്മമാര്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സ്ത്രീകള്‍ മുന്നോട്ട് വന്ന അനുഭവങ്ങളുണ്ടായി.ലോകം മുഴുവന്‍ അഭിനന്ദിച്ച ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍
ഇതിലൊന്നും പങ്കാളികളാവാതെ മതനിരാസവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ അപലപനീയമാണ്. ദുരന്തമുഖത്ത് പോലും വര്‍ഗ്ഗീയതയും പരിഹാസവുമായി കടന്നു വന്നവരെ തിരിച്ചറിയാന്‍ സമൂഹം തയ്യാറാവണമെന്ന് കെ ജെ യു ആഹ്വാനം ചെയ്തു. ഈസാ മദനി, പി പി മുഹമ്മദ് മദനി, കെ സി മുഹമ്മദ് മൗലവി, മായിന്‍കുട്ടി സുല്ലമി, എം ടി അബ്ദുസ്സമദ് സുല്ലമി, മുഹമ്മദ് സലീം സുല്ലമി, ഡോ മുഹമ്മദലി അന്‍സാരി, അബ്ദുറഹ് മാന്‍ മദീനി, ഹനീഫ് കായക്കൊടി സംസാരിച്ചു.