ലോകകപ്പ് ടീമിൽ ഇടം നേടിയത് സ്വപ്നം പോലെയാണ്”- സഞ്ജു സാംസൺ

Thiruvananthapuram

തിരുവനന്തപുരം: ‘ക്രിക്കറ്റിലെ കാര്യങ്ങളെ പോസിറ്റീവായാണ് കാണുന്നത്’ എന്ന് കേരള ക്രിക്കറ്റ് ലീഗിന്റെ (കെഎസിഎൽ) ലോഗോ പ്രദര്‍ശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ പറഞ്ഞു. ആറ് ഫ്രാഞ്ചൈസി ടീമുകളുടെ ലോഗോയും പ്രദര്‍ശിപ്പിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിനെ കുറിച്ചു ആലോചിക്കാൻ തനിക്കു താത്പര്യമില്ലെന്നും കാര്യങ്ങളെ പോസിറ്റീവായാണ് മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ മൂന്ന്, നാല് മാസം കരിയറിലെ മികച്ച സമയമായിരുന്നു. ലോകകപ്പ് ടീമിൽ ഇടം നേടിയത് സ്വപ്നം പോലെയാണ്. മൂന്ന്, നാല് വർഷം മുൻപേ ആഗ്രഹിച്ചതാണത്. കഴിഞ്ഞ ഏകദിന ലോകകപ്പ് കളിക്കണം എന്നായിരുന്നു ആഗ്രഹിച്ചത്. ടി20 ടീമിൽ എത്തി ലോകകപ്പ് ജയിച്ചപ്പോഴാണ് നിസാര കാര്യമല്ലെന്നു മനസിലായത്. ശ്രീലങ്കക്കെതിരായ ഇക്കഴിഞ്ഞ പരമ്പരയിൽ വിചാരിച്ച പോലെ കളിക്കാനായില്ല.’

‘നാട്ടിലുള്ളവർ നൽകുന്ന പിന്തണയും ന്യൂസിലൻഡ് മുതൽ വെസ്റ്റ് ഇൻഡീസ് വരെയുള്ള നാടുകളിലുള്ള മലയാളികളുടെ പിന്തുണയും അത്ഭുതപ്പെടുത്തുന്നതാണ്.
എടാ ചേട്ടാ എവിടെപോയാലും നിനക്ക് വലിയ ആരാധക പിന്തുണയാണല്ലോ എന്നു മറ്റു ടീം അംഗങ്ങൾ പറയാറുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് ടീമിൽ ഇടം കിട്ടാതെ വരുമ്പോഴും ഞാൻ ഡക്ക് ആവുമ്പോഴും അവർക്ക് നിരാശയുണ്ടാകും.
അതു മനസിലാക്കാനുള്ള പക്വതയുണ്ട്’- സഞ്ജു വ്യക്തമാക്കി. മോഹൻലാൽ ബ്രാൻ്റ് അമ്പാസഡർ ആയ കേരള ക്രിക്കറ്റ് ലീഗിന്റെ ഐക്കൺ കൂടിയാണ് സഞ്ജു.