തിരുവനന്തപുരം: സാധാരണക്കാരൻ്റെ ചുണ്ടിൽ തത്തിക്കളിക്കുന്ന കാവ്യ സമ്പന്നമായ ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തിലിടം നേടിയ കവിയാണ് കെ.ജയകുമാർ എന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ.
ജനകീയമായ ഗാനങ്ങളും ഗഹനങ്ങളായ കാവ്യങ്ങളും അടങ്ങുന്നതാണ് ജയകുമാറിൻ്റെ കാവ്യലോകം. വയലാറിൻ്റെ കാവ്യസുഭഗതയെ അനുസ്മരിപ്പിക്കുന്നതാണ് ജയകുമാറിൻ്റെ ഗാനപ്രപഞ്ചവും.
ഉജ്വലമായ കവിതയും മികവുറ്റ പ്രഭാഷണങ്ങളുമായി സാംസ്കാരിക രംഗത്ത് സജീവമായ ഭരണാധികാരിയാണ് അദ്ദേഹം. വൈകിപ്പോയ പുരസ്കാരമാണ് ഇപ്പോൾ ലഭ്യമായ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരമെന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു. കെ പി സി സി വിചാർ വിഭാഗും സംസ്കാര സാഹിതിയും ചേർന്ന് സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎം.ഹസ്സൻ.
പുരസ്കാര ജേതാവിനെ എം എം ഹസ്സനും പാലോട് രവിയും ചേർന്ന് പൊന്നാട ചാർത്തി ആദരിക്കുകയും പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തു.
ഡി സി സി പ്രസിഡൻ്റ് പാലോട് രവി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം ആർ.തമ്പാൻ, ചെമ്പഴന്തി അനിൽ, വി.ആർ.പ്രതാപൻ ,വിനോദ് സെൻ തുടങ്ങിയവർ സംസാരിച്ചു.