കണ്ണൂർ : അതിരും എതിരുമില്ലാത്ത സർവ തന്ത്ര സ്വാതന്ത്ര്യം വ്യക്തി, കുടുംബം , സാമൂഹ്യ ജീവിതത്തിൽ വലിയ കഷ്ട നഷ്ടങ്ങൾ വരുത്തി വെക്കുമെന്ന് എം.ജി എം സംസ്ഥാന സമിതി ‘സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന സന്ദേശവുമായി കണ്ണൂരിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ സമ്മേളനം അഭിപ്രായപ്പെട്ടു. വിവാഹാഘോഷങ്ങളിൽ നടക്കുന്ന ആഭാസത്തരങ്ങളും കലാലയങ്ങളിൽ മുതിർന്ന വിദ്യാർത്ഥികൾ ഇളമുറക്കാരെ റാഗിങ് ചെയ്യുന്നതും സ്ത്രീ പുരുഷർക്കിടയിൽ നിരുപാധികം ലൈംഗിക സ്വാതന്ത്ര്യം വേണമെന്ന വാദവും നാശം മാത്രം വിതക്കുന്ന വിപരീത സ്വാതന്ത്ര്യമാണ്.

പരസ്പരം ആദരിച്ചും പരിഗണിച്ചും മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെയും സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്താൻ ശീലിക്കണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സൽമാൻ ഫാരിസ് പ്രാർത്ഥന നടത്തി. സ്വാതന്ത്ര്യ ദിന ഗീതം നജാ റഷാദ ആലപിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മoത്തിൽ ഉദ്ഘാടനം ചെയ്തു. എഡ്യുക്കേഷൻ ആർട്ട് കൾച്ചർ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യ പ്രഭാഷണം നടത്തി. എം.ജി.എം സംസ്ഥാന വൈസ് പ്രസിഡൻ്റ് ജുവൈരിയ അൻവാരിയ്യ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സി.ടി ആയിഷ, ട്രഷറർ റുക്സാന വാഴക്കാട്, മുസ്ലിം യൂത്ത് ലീഗ് നാഷനൽ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ, കെ.എൻ.എം മർകസുദ്ദവ സംസ്ഥാന സെക്രട്ടറി ഡോ.ഇസ്മയിൽ കരിയാട്, ജില്ലാ പ്രസിഡൻ്റ് സി.സി ശകീർ ഫാറൂഖി, കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കെ ശബീന, എം.ജി.എം ജില്ലാ സെക്രട്ടറി കെ.പി ഹസീന, ഐ.ജി.എം സംസ്ഥാന സമിതിയംഗം സുഹാന ഉമർ, ഐ.എസ്.എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂർ പ്രസംഗിച്ചു. പ്രബന്ധ, കവിത രചനയിൽ സംസ്ഥാന തല വിജയികൾക്ക് മേയർ ഉപഹാരം സമ്മാനിച്ചു.