പെരിക്കല്ലൂര്‍: ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും ആവേശം കുട്ടികളിൽ ഉയർത്തി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. നാമനിർദ്ദേശപത്രിക സമർപ്പണം, പിൻവലിക്കൽ, അന്തിമ മത്സരാർത്ഥികളെ പ്രഖ്യാപിക്കൽ, നയപ്രഖ്യാപനം, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ എല്ലാ പ്രവര്‍ത്തനങ്ങളും അടങ്ങിയതായിരുന്നു സ്കൂളില്‍ നടത്തിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.


മൊബൈൽ ഫോണിൽ ഒരുക്കിയ വെർച്ചൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂളിലെ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ വോട്ട് രേഖപ്പെടുത്തി. വോട്ടർപട്ടിക ഉപയോഗിച്ച് ഓരോ ക്ലാസിലെയും വോട്ടർമാർ ബൂത്തിലെത്തി അവരുടെ ഒപ്പ് രേഖപ്പെടുത്തി വിരലിൽ മഷി അടയാളം പതിച്ച് വോട്ടിംഗ് കമ്പാർട്ട്മെന്റിനുള്ളിൽ വെച്ച് രഹസ്യമായി വോട്ട് രേഖപ്പെടുത്തി.


ഒന്നാം ക്ലാസിലെ കുട്ടികൾ കന്നിവോട്ട് രേഖപ്പെടുത്തിയതിന്റെ ആവേശം പങ്കുവെച്ചു. ജനാധിപത്യ പ്രക്രിയയും വോട്ടെടുപ്പ് രീതികളും അടുത്തറിയുവാൻ തെരഞ്ഞെടുപ്പിലൂടെ സാധിച്ചു എന്ന് കുട്ടികൾ പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി രക്ഷാധികാരി ആയും സാമൂഹ്യശാസ്ത്ര അധ്യാപകൻ രതീഷ് സി വി റിട്ടേണിംഗ് ഓഫീസറായും , ക്ലാസ് ടീച്ചർമാർ പ്രിസൈഡിങ് ഓഫീസർമാരായും ജെ ആർ സി, ഗൈഡ്സ് കുട്ടികൾ സുരക്ഷ ഉദ്യോഗസ്ഥരായും പ്രവർത്തിച്ചു .


രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 12 മണിയോടെ അവസാനിച്ചു. തുടർന്ന് ഫലപ്രഖ്യാപനം നടത്തി. ഉച്ചയ്ക്കുശേഷം സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗം ചേർന്ന് സ്കൂൾ പാർലമെൻറ് ഭാരവാഹികളെ തിരഞ്ഞെടുത്തു. സീനിയർ ടീച്ചർ ഷാജി മാത്യു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.