ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി തൻ്റെ പാർട്ടിയായ തമിഴക വെട്രിക്ക് കഴക(ടിവികെ) ത്തിൻ്റെ പതാക പുറത്തു വിടാൻ ഒരുങ്ങുകയാണ്തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ്. വ്യാഴാഴ്ച ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പതാക പുറത്തു വിട്ടേക്കും.
30 അടി നീളമുള്ള കൊടിമരത്തിൽ പതാക ഉയർത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് വ്യക്തമാക്കി. തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നായി 300 പാർട്ടി പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും. 100മാധ്യമ പ്രവർത്തകരെയും ക്ഷണിച്ചിട്ടുണ്ട്.
ഇതിന് മുന്നോടിയായി പാർട്ടി ആസ്ഥാനത്ത് വിജയ് പതാക ഉയർത്തി റിഹേഴ്സൽ നടത്തിയതായും അറിയുന്നു. പാർട്ടിയുടെ ആദ്യ കോൺഫറൻസ് സെപ്റ്റംബർ 22നായിരിക്കും. വിജയുടെ അവസാന ചിത്രമെന്ന് അഭ്യൂഹമുള്ള ഗോട്ടിന്‍റെ റിലീസിനു ശേഷമുള്ള കോൺഫറൻസിൽ പതാക പുറത്തു വിടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
പിന്നീട് തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. ശനിയാഴ്ച ഗോട്ടിന്‍റെ ട്രെയിലർ പുറത്തു വിട്ടിരുന്നു. ചിത്രത്തിൽ വിജയ് രാഷ്ട്രീയത്തിലേക്കുള്ള വരവ് അറിയിച്ചിട്ടുണ്ടെന്ന് ആസ്വാദകർ പറയുന്നു.