തിരുവനന്തപുരം: കർഷക ദിനാചരണത്തോടനുബന്ധിച്ച് കൊല്ലയിൽ പഞ്ചായത്തിലെ യുവകർഷകനായ അനീഷിനെ മഞ്ചവിളാകം ഗവ. യു.പി.എസ് ആദരിച്ചു.
കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും, വിഷരഹിത പച്ചക്കറികൾക്കായി സ്വന്തമായി അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, മറ്റു ജോലികൾക്കിടയിലും സമാന്തരമായി കൃഷിയെ ഉപയോഗപ്പെടുത്താമെന്നുള്ള സാധ്യതയെക്കുറിച്ചും ലളിതമായ ഭാഷയിൽ അനീഷ് കുട്ടികളോട് സംസാരിച്ചു.
സ്വന്തം കൃഷി അനുഭവങ്ങൾ കുട്ടികളോട് പങ്കുവെച്ചും , എക്കോ ക്ലബ്ബിലെ കുട്ടികൾക്കൊപ്പം ചേർന്ന് പച്ചക്കറിത്തൈകൾ നട്ടും വിദ്യാലയത്തിൽ അദ്ദേഹം ചെലവഴിച്ച മണിക്കൂറുകൾ കുട്ടികൾക്ക് പ്രചോദനമായി.
ഹെഡ്മാസ്റ്റർ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവരും ചടങ്ങിൽ കുട്ടികളോടൊപ്പം കൃഷിപാഠങ്ങൾ സ്വായത്തമാക്കി.