കോഴിക്കോട്: മുസ്‌ലിം നേതൃനിരയിലെ മൺമറഞ്ഞ നേതാക്കളുടെ അപൂർവ്വ സൗഹൃദങ്ങളുടെ ചരിത്ര കഥകൾ പറയുന്ന ‘തങ്ങളും മൗലവിയും’ സെമിനാർ നാളെ ആഗസ്റ്റ് 24 ശനി വൈകുന്നേരം 4.30മുതൽ കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചടങ്ങിൽ പ്രൊഫ: എൻ.വി അബ്ദുറഹ്‌മാൻ സാഹിബ് അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീർ എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന ജന: സെക്രട്ടറി പി.എം.എ സലാം എന്നിവർ മുഖ്യാതിഥികളായിരിക്കും. പി.കെ ഫിറോസ്, ടി.പി അഷ്‌റഫ് അലി, അഹമ്മദ് സാജു, പി.കെ നവാസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.

വ്യത്യസ്ത മുസ്‌ലിം സംഘടനകളുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുമ്പോൾ തന്നെ സംഘടനാ അതിരുകൾ തടസ്സമാകാതെ സമുദായിക രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കാൻ സൗഹൃദത്തിന്റെ പുതിയ മാതൃകകൾ തീർത്ത നാല് മഹദ് വ്യക്തികളെ പരിചയപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ. മുസ്‌ലിം ലീഗ് നേതാക്കളായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, കെ.എം മൗലവി, പി.എം.എസ്.എ പൂക്കോയ തങ്ങൾ, എൻ.വി അബ്ദുസ്സലാം മൗലവി എന്നിവരെ പരിചയപ്പെടുത്തിക്കൊണ്ട് യഥാക്രമം പി.എ റഷീദ്, സി.പി സൈദലവി, ഷരീഫ് സാഗർ, സുഫ്‌യാൻ അബ്ദുസ്സലാം വിഷയങ്ങൾ അവതരിപ്പിക്കും. സാമുദായിക സൗഹൃദങ്ങൾക്ക് തുടർച്ചകളുണ്ടാകണം എന്ന വിഷയത്തിൽ ജംഷീറലി ഹുദവിയും പ്രഭാഷണം നടത്തമെന്നും ഇസ്സത് ഭാരവാഹികളായ മുഹമ്മദ് അമീർ,ഷുക്കൂർ സ്വലാഹി, എൻ.വി അബ്ദുസ്സലാം ശാക്കിർ എന്നിവർ അറിയിച്ചു.