സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണവുമായി കെ എല്‍ എഫ് 26-ാമത് ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണം മനു എസ് പിള്ള നിര്‍വഹിക്കും

Kozhikode

കോഴിക്കോട്: കോഴിക്കോടിന്റെ സമകാലിക സാഹിത്യ-സാംസ്കാരിക സവിശേഷതകളെ ലോകത്തിനുമുന്പിൽ അവതരിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായി സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുകയാണ്. കോഴിക്കോടിന് യുനെസ്‌കോ സാഹിത്യനഗരപദവി ലഭിച്ചതിനോടനുബന്ധിച്ച് ഓഗസ്റ്റ് 29ന് വൈകിട്ട് 4.30ന് സംഘടിപ്പിക്കുന്ന ഈ ആഘോഷപരിപാടിയിൽ മലയാളത്തിലെ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണം നടത്തും. വൈകിട്ട് ആറിന് 26-ാമത് ഡിസി കിഴക്കേമുറി സ്മാരകപ്രഭാഷണം മനു എസ്. പിള്ള നിർവഹിക്കും.

വൈകിട്ട് അഞ്ചിന് നോവലുകള്‍, കഥകള്‍, ചരിത്രം, യാത്രാവിവരണം, മൊഴിമാറ്റം എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഏറ്റവും പുതിയ 18 പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. നോവൽവിഭാഗത്തിൽ ഫ്രാൻസിസ് നൊറോണ (മുടിയറകൾ), വി.ജെ. ജയിംസ് (പുറപ്പാടിന്റെ പുസ്തകം രജതജൂബിലിപ്പതിപ്പ്), അംബികാസുതൻ മാങ്ങാട് (അല്ലോഹലൻ) എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. കഥാവിഭാഗത്തിൽ എൻ. എസ്. മാധവൻ (ഭീമച്ചൻ), സച്ചിദാനന്ദൻ (മരിച്ചു പോയ മുത്തശ്ശിക്ക് ഒരു കത്ത്), സിതാര എസ്. (അമ്ലം), വി.ജെ. ജയിംസ് (വൈറ്റ് സൌണ്ട്), ജിൻഷ ഗംഗ (ഒട), ഉണ്ണികൃഷ്ണൻ കിടങ്ങൂർ (പൊന്ത), ഡിന്നു ജോർജ്ജ് (ക്രാ), സുഭാഷ് ഒട്ടുംപുറം (പ്രതിവിഷം), ആഷ് അഷിത (മുങ്ങാങ്കുഴി) എന്നിവരുടെയും ചരിത്രവിഭാഗത്തിൽ ഷുമൈസ് യു (വയനാടൻ പരിസ്ഥിതിയും കൊളോണിയൽ സമരങ്ങളും) യാത്രാവിവരണവിഭാഗത്തിൽ വി. മുസഫർ അഹമ്മദ് (കർമ്മാട് റയിൽപ്പാളം ഓർക്കാത്തവരെ), മൊഴിമാറ്റവിഭാഗത്തിൽ ആനി എർണോ (ഒരു പെൺകുട്ടിയുടെ ഓർമ്മ), കൊണ്ടപ്പള്ളി കോടേശ്വരമ്മ (കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്തുള്ള നക്സൽ ജീവിതം) എന്നിവരുടെ പുസ്തകങ്ങളുമാണ് പ്രകാശനത്തിനുള്ളത്.

വൈകിട്ട് ആറിന് നടക്കുന്ന 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം എന്‍.എസ്. മാധവന്‍ ഉദ്ഘാടനം ചെയ്യും. കെ. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കും. ‘എന്താണ് ചരിത്രം’ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ മനു എസ്. പിള്ള സ്മാരകപ്രഭാഷണം നടത്തും. സാഹിത്യനഗരവും സാഹിത്യോത്സവങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എ. പ്രദീപ് കുമാർ എന്നിവർ സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവിന്റെ പ്രദർശനവും നടക്കും. തുടര്‍ന്ന് സ്പെയിനിലെ സാംസ്‌കാരികസംഘടനയായ Casa de la India യുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന TARIQA MYSTIC TRAVELLERS എന്ന സംഗീത നൃത്ത-കവിതാസമന്വയവും സംഘടിപ്പിക്കും.

വാർത്താസമ്മേളനത്തിൽ രവി ഡി സി (ചീഫ് ഫെസിലിറ്റേറ്റർ), എ. കെ അബ്ദുൽ ഹക്കീം (ജനറൽ കൺവീനർ) കെ. വി. ശശി (പ്രോഗ്രാം കൺവീനർ) എ. വി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.