തിരുവനന്തപുരം: രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ വലിയ നിലക്കുള്ള അക്രമങ്ങൾ നടക്കുന്നുണ്ടെന്നും അതവസാനിപ്പിക്കാൻ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ എത്രയും പെട്ടെന്ന് ഇടപെടണമെന്നും ഡോ.ഹുസൈൻ മടവൂർ കേന്ദ്ര മൈനോരിറ്റി കമ്മീഷനോട് ആവശ്യപ്പെട്ടു. കേന്ദ്ര മൈനോരിറ്റി കമ്മീഷൻ അംഗം റിൻചെൻ ലാമൊ വിവിധ ന്യൂനപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യയിൽ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനായി സച്ചാർ കമ്മിറ്റി നൽകിയ ശുപാർശകളേറെയും നടപ്പിലാവാതെ കിടക്കുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കേന്ദ്ര സർക്കാർ സ്ഥാപിച്ച മൗലാനാ ആസാദ് ഫൗണ്ടേഷൻ്റെ ഫണ്ടുകൾ വെട്ടിക്കുറച്ചു , സ്കോളർഷിപ്പുകളിൽ ഗണ്യമായ കുറവുവരുത്തി. മദ്റസാ വിദ്യാർത്ഥികൾക്ക് ആധുനിക വിഷയങ്ങൾ പഠിപ്പിക്കാനുള്ള സഹായങ്ങളും മുൻപത്തെ പോലെ ഇപ്പോൾ ലഭിക്കുന്നില്ല. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ഓരോ സംസ്ഥാനത്തും പ്രതിനിധികളുണ്ടാവണമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുൻ സംസ്ഥാന തല കോ-ഓഡിനേറ്റർകൂടിയായ ഡോ. ഹുസൈൻ മടവൂർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാറിൻ്റെ പരിഗണയിലുള്ള വഖഫ് ഭേദഗതി നിയമം മുസ്‌ലിം ന്യൂനപക്ഷത്തിൻ്റെ മതസ്വാതന്ത്ര്യൻ്റെ നേർക്കുള്ള കടന്ന് കയറ്റമാണെന്നും അതിൽ നിന്ന് സർക്കാറിനെ പിൻതിരിപ്പിക്കാൻ കമ്മീഷൻ വേണ്ടത് ചെയ്യണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു. തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചാസംഗമത്തിൽ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ് തുടങ്ങി വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളും സംസ്ഥാന ന്യൂനപക്ഷ ഡയരക്ടറേറ്റ്, സംസ്ഥാന ന്യൂന പക്ഷ കമ്മീഷൻ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കെ. എൻ. എം തിരുവനന്തപുരം ജില്ലാ സെക്രട്ടരി അൽ അമീൻ ബീമാപള്ളി യോഗത്തിൽ പങ്കെടുത്തു.