പ്രൗഢോജ്ജ്വലമായി ‘തങ്ങളും മൗലവിയും’ സെമിനാർ

Kozhikode

കോഴിക്കോട്: സാമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദവും സാഹോദര്യവും ശക്തിപ്പെടുത്തുന്നതിന് വ്യത്യസ്ത സമുദായാംഗങ്ങൾ ഉൾക്കൊള്ളുന്ന കൂട്ടായ്മകൾ ഉണ്ടാകണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

ഇസ്സത്ത് കൂട്ടായ്മയുടെ കീഴിൽ ‘തങ്ങളും മൗലവിയും’ എന്ന ശീർഷകത്തിൽ കോഴിക്കോട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമുദായത്തിന്റെ ഐക്യവും ഉന്നമനവും ലക്ഷ്യം വെച്ചുള്ള ഇസ്സത്ത് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ഇസ്സത്ത് അക്കാദമിയുടെ ലോഞ്ചിങ് കർമ്മവും തങ്ങൾ നിർവ്വഹിച്ചു.

ഇസ്സത്ത് കൂട്ടായ്മയുടെ രക്ഷാധികാരി പ്രൊഫ.എൻ.വി അബ്ദുറഹ്മാൻ സാഹിബ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവർ മുഖ്യാതിഥികളായിരുന്നു. കെ.എം മൗലവി സമുദായത്തിന് വഴികാട്ടിയ പാണ്ഡിത്യം, ബാഫഖി തങ്ങൾ മുസ്‌ലിം ഐക്യത്തിന്റെ ശില്പി, പൂക്കോയ തങ്ങൾ അവർണ്ണനീയ വ്യക്തിത്വം, എൻ.വി അബ്ദുസ്സലാം മൗലവി കാലം സമ്മാനിച്ച കർമ്മയോഗി, സാമുദായിക സൗഹൃദങ്ങൾക്ക് തുടർച്ചയുണ്ടാകണം എന്നീ വിഷയങ്ങളിൽ യഥാക്രമം സി.പി സെയ്തലവി, പി.എ റഷീദ്, ശരീഫ് സാഗർ, സുഫിയാൻ അബ്ദുസ്സലാം, എൻ.സി ജംഷീറലി ഹുദവി എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു.

ടി.പി അഷ്‌റഫ് അലി, ടി.ടി ഇസ്മായിൽ, മിസ്ഹബ് കീഴരിയൂർ, മുഹമ്മദ് ദാനിഷ്, മുഹമ്മദ് അമീർ , ഷുക്കൂർ സ്വലാഹി, എൻ.വി അബ്ദുസ്സലാം ശാക്കിർ എന്നിവർ പ്രസംഗിച്ചു.