മെമ്പർ വീടുകളിലെത്തി ക്ഷണിച്ചു, ഗ്രാമസഭയിലേക്ക് അംഗങ്ങൾ ഒഴുകിയെത്തി

Kozhikode

ആയഞ്ചേരി: മെമ്പർ വീടുകൾ കയറി ഗ്രാമസഭയിലേക്ക് ക്ഷണിച്ചപ്പോൾ ഗ്രാമസഭാ അംഗങ്ങൾ ഒഴുകിയെത്തി. 2024-25 വാർഷിക പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞൊടുക്കാനുളള അപേക്ഷകളുമായിട്ടാണ് ഓരോ വീടുകളിലും കയറിയിറങ്ങിയത് .4 ദിവസത്തോളം രാവും പകലും ചിലവഴിച്ചാണ് മുഴുവൻ വീടുകളിലും എത്തിച്ചേർന്നതെന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു.

വീടുകൾ കയറുമ്പോൾ കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും ആവശ്യങ്ങൾ ഗ്രഹിക്കാനും കഴിഞ്ഞിട്ടുണ്ട്. ചെറിയ ചെറിയ പരാതികൾക്ക് അതാത് സമയം പരിഹാരമുണ്ടാക്കാനും വേണ്ട ആനുകൂല്യങ്ങളുടെ വിവരങ്ങൾ പറയാനും 

ഗ്രാമ സഭാ അംഗങ്ങൾ അവസരം പ്രയോജനപ്പെടുത്തിയതായി വാർഡ് മെമ്പർ പറഞ്ഞു.
വികസന സമിതി കൺവീനർ അക്കരോൽ അബ്ദുള്ള , കോഡിനേറ്റർ നിമ്മി, ചൈൽഡ് വുമൺ ഫെസിലിറ്റേർ ഷഫ്ന, പ്രേരക്ക് കെ. സജിത്ത് തുടങ്ങിയവർ വിഷയാവതരണം നടത്തി. തുടർന്ന് നടത്തിയ ചർച്ചകൾക്ക് മെമ്പർ മറുപടി പറഞ്ഞ് ഗ്രാമ സഭ അവസാനിപ്പിച്ചു.