കോഴിക്കോട് : കേരളത്തിൻ്റെ പട്ടിണി മാറ്റാനും സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്താനും കഠിനാദ്ധ്വാനം ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളുടെയും മുൻ പ്രവാസികളുടെയും പ്രയാസങ്ങളും പ്രശ്നങ്ങളും ശ്രദ്ധിക്കാനാളില്ലാത്ത അവസ്ഥയാണിപ്പോഴുള്ളതെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സംസ്ഥാന പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പോലും വൻ വ്യവസായികളെയും പണക്കാരെയും മാത്രമാണ് ക്ഷണിക്കാറുള്ളത്. അവാർഡുകൾ നൽകുന്നതും അവർക്ക് തന്നെയാണ്. പ്രവാസികളിൽ മഹാഭൂരിപക്ഷവും ചെറിയ വരുമാനക്കാരാണ്. അവരെയാണ് പരിഗണിക്കേണ്ടതെന്നും എന്നാല്‍ ഇത്തരക്കാര്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ. എൻ .എ അമീർ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി പെൻഷൻ തുക അയ്യായിരം രൂപയാക്കി ഉയർത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അഹമദ് ദേവർകോവിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, ലോക കേരള സഭാംഗം പി.കെ. കബീർ, എൻ.ആർ ഐ കൗൺസിൽ അഖിലേന്ത്യാ ചെയർമാൻ ഡോ. എസ്. അഹമദ്, വി.സി. സേതുമാധവൻ, കെ.പി. ബാബു, ലൈജു റഹിം, ആവിക്കര സത്താർ, പി. കെ. മജീദ്, നിഷാം കല്ലായി, വി.പി റോഷ്നി സംസാരിച്ചു.
വിവിധ മേഖലകളിൽ പ്രശസ്ത സേവനങ്ങൾ കാഴ്ച വെച്ച മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് പ്രൊഫസർ ടി.രവീന്ദ്രൻ, സുഭാഷ് വിജയ് സിങ്, നാസിർ ഹാജി എടച്ചേരി ടി.പി എ മജീദ് കൊടുവള്ളി എന്നിവർക്കുള്ള അവാർഡുകൾ അഹമദ് ദേവർകോവിൽ സമർപ്പിച്ചു.